ഞാൻ ഈ വീഡിയോ ഇടുന്നത് അമ്മ അറിഞ്ഞിട്ട് കൂടിയില്ല, എന്റെ അച്ഛനെ കാണാനോ മിണ്ടാനോ എനിക്കിഷ്ടമല്ല; ബാലയ്ക്കെതിരെ മകൾ
Friday, September 27, 2024 10:39 AM IST
നടന് ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മകള്‍ അവന്തിക. അമ്മയായ അമൃത സുരേഷിനെതിരെ ബാല ഉയര്‍ത്തുന്ന ആരോപണങ്ങള്‍ വ്യാജമാണെന്നും തനിക്ക് അച്ഛനെ കാണാനോ സംസാരിക്കാനോ താല്‍പ്പര്യമില്ലെന്നും മകള്‍ വ്യക്തമാക്കി.
മദ്യപിച്ച് വിട്ടിലെത്തുന്ന അച്ഛന് തന്നെയും അമ്മയെയും ഉപദ്രവിക്കാറുണ്ടെന്നും ഒരിക്കല്‍ ചില്ല് കുപ്പി തനിക്കുനേരെ എറിയാന്‍ ശ്രമിച്ചെന്നും മകൾ വെളിപ്പെടുത്തി. തന്റെ അമ്മക്കും കുടുംബത്തിനുമൊപ്പം താന്‍ സന്തോഷവതിയാണെന്നും കോടതിയിൽ നിന്നും വലിച്ചിഴച്ചാണ് തന്നെ ചെന്നൈയിലേയ്ക്ക് കൊണ്ടുപോയതെന്നും മകൾ വീഡിയോയിൽ പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലാണ് പെണ്‍കുട്ടി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
എന്റെ കുടുംബത്തെ മുഴുവന്‍ ബാധിക്കുന്ന ഒരു കാര്യത്തെക്കുറിച്ചാണ് ഞാന്‍ സംസാരിക്കാന്‍ പോകുന്നത്. യഥാര്‍ത്ഥത്തില്‍ എനിക്കിതിനെക്കുറിച്ച് സംസാരിക്കാന്‍ പോലും താല്‍പ്പര്യമില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു സെന്‍സിറ്റീവായ വിഷയമാണ്. പക്ഷേ എനിക്ക് മടുത്തു. എനിക്ക് എന്റെ അമ്മയും മുഴുവന്‍ കുടുംബവും ഇങ്ങനെ വിഷമിച്ചിരിക്കുന്നത് കണ്ട് എനിക്ക് മടുത്തു.
എന്റെ കുടുംബം അങ്ങനെ തളര്‍ന്നിരിക്കുന്നത് കാണാന്‍ എനിക്ക് പറ്റില്ല. അത് കാണുമ്പോള്‍ എനിക്കും സങ്കടമാണ്. എന്നെയും ഇത് ബാധിക്കുന്നുണ്ട്. സ്കൂളില്‍ പോകുമ്പോഴും യൂട്യൂബില്‍ നോക്കുമ്പോഴും എന്നെയും എന്റെ അമ്മയേയും പറ്റി വ്യാജ ആരോപണങ്ങള്‍ വന്നുകൊണ്ടേയിരിക്കുന്നു.
ഞാന്‍ സ്കൂളില്‍ പോകുമ്പോള്‍ എന്റെ സുഹൃത്തുക്കള്‍ വരെ ചോദിക്കും അവര്‍ പറയുന്നത് സത്യമാണോ ഇവര്‍ പറയുന്നത് സത്യമാണോ എന്നൊക്കെ. എനിക്ക് അതിന് ഉത്തരം പറയാന്‍ പറ്റുന്നില്ല. സോഷ്യല്‍ മീഡിയയില്‍ പലരും വ്യാജ വാര്‍ത്തകള്‍ നല്‍കുകയാണ്. എന്റെ അമ്മ മോശക്കാരിയാണെന്നൊക്കെയാണ് പറയുന്നത് അതൊന്നും സത്യമല്ല.
ശരിക്കും ഈ വിഷയം തുടങ്ങുന്നത് എന്റെ അച്ഛനില്‍ നിന്നാണ്. അച്ഛന് കുറേ അഭിമുഖങ്ങള്‍ നല്‍കുകയും വീഡിയോ ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നെ ഭയങ്കര ഇഷ്ടമാണ്, എന്നെ കാണാത്തതില്‍ വിഷമമുണ്ട്, എനിക്ക് സമ്മാനങ്ങള്‍ അയക്കാറുണ്ട് എന്നൊക്കെ പറഞ്ഞിട്ട്. അതില്‍ ഒന്നുപോലും സത്യമല്ല. എന്റെ അച്ഛനെ സ്നേഹിക്കാന്‍ എനിക്ക് ഒരു കാരണം പോലുമില്ല. അത്രയും എന്നെയും എന്റെ അമ്മയെയും അമ്മാമ്മയെയും ആന്റിയെയും മാനസികമായും ശാരീരികമായും ദ്രോഹിച്ചിട്ടുണ്ട്.
ഞാന്‍ വളരെ കുഞ്ഞായിരിക്കുമ്പോള്‍ പോലും അച്ഛന് മദ്യപിച്ച് വീട്ടില്‍ വന്ന് അമ്മയെ തല്ലുമായിരുന്നു. അത് കാണുമ്പോള്‍ തന്നെ എനിക്ക് ഭയങ്കര വിഷമം ആകും. ഒരു കാരണവുമില്ലാതെയാണ് മദ്യപിച്ച് അമ്മയെ തല്ലിക്കൊണ്ടിരുന്നത്. ഞാന്‍ കുഞ്ഞല്ലേ എനിക്കൊന്നും ചെയ്യാന്‍ പറ്റില്ലല്ലോ. എന്റെ അമ്മയും കുടുംബവും എന്നെ നന്നായി നോക്കുന്നുണ്ട്. എന്നെ ഇതുവരെ തല്ലിയിട്ടില്ല. എപ്പോഴും എന്നെ സപ്പോര്‍ട്ട് ചെയ്യാറുണ്ട്. എന്നെ നന്നായി സ്നേഹിക്കുന്ന കുടുംബമാണ്.
അച്ഛന് പല ഇന്റർവ്യൂകളിലും അമ്മയെക്കുറിച്ച് വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. അതൊക്കെ വ്യാജമാണ്. അച്ഛന് അമ്മയെ നന്നായി ഉപദ്രവിച്ചിട്ടുണ്ട്. എന്നെയും അമ്മയെയും മാനസികമായി ഉപദ്രവിച്ചിട്ടുണ്ട്. ഞാന്‍ കുഞ്ഞായിരിക്കുമ്പോള്‍ മദ്യപിച്ച് വന്ന് ഒരു ചില്ല് കുപ്പി എന്റെ മുഖത്തേക്ക് എറിയാന്‍ ശ്രമിച്ചു. അപ്പോള്‍ അമ്മ ഇല്ലായിരുന്നെങ്കില്‍ അത് എന്റെ തലയില്‍ തട്ടുമായിരുന്നു. അമ്മ കൈവെച്ച് തടഞ്ഞത് കൊണ്ടാണ് എനിക്കൊന്നും സംഭവിക്കാതിരുന്നത്. അത്രയും ശാരീരികമായും മാനസികമായും എന്നെ ഉപദ്രവിച്ചിട്ടുണ്ട്.
ഒരു തവണ കോടതിയില്‍ നിന്ന് എന്നെ ബലം പ്രയോഗിച്ച് ചെന്നൈയില്‍ കൊണ്ടുപോയി. ഒരു മുറിയില്‍ എന്നെ പൂട്ടിയിട്ടിട്ട് ഭക്ഷണം പോലും തന്നില്ല. അമ്മയെ വിളിക്കാന്‍ പോലും സമ്മതിച്ചില്ല. അങ്ങനെയുള്ളവരെയാണ് നിങ്ങള്‍ വിശ്വസിക്കുന്നത്. അച്ഛന് പറയുന്നത് മുഴുവന്‍ നുണയാണ്. അടുത്തിടെ ഒരു ഇന്റര്‍വ്യൂവില്‍ അച്ഛന് പറയുന്നുണ്ടായിരുന്നു എനിക്ക് അച്ഛനെ കാണാന്‍ അവകാശമില്ലേ എന്ന്.
എനിക്ക് അച്ഛനെ അച്ഛന്റെ മുഖം കാണുകയോ സംസാരിക്കുകയോ വേണ്ട. എന്നെ ഇത്രയും ഇഷ്ടമാണെന്ന് പറയുന്ന ആള് ഒരിക്കലെങ്കിലും എന്നെ വിളിച്ചിട്ടുണ്ടോ. അല്ലെങ്കില്‍ ഒരു കത്തോ സമ്മാനമോ എന്തെങ്കിലും അയച്ചിട്ടുണ്ടോ. ഒന്നുമില്ല.
ഒരു ഇന്റര്‍വ്യൂവില്‍ അച്ഛന് പറയുന്നുണ്ടായിരുന്നു വയ്യാതിരുന്നപ്പോള്‍ ഞാന്‍ അവിടെപ്പോയി ലാപ്ടോപും കളിപ്പാട്ടങ്ങളും ആവശ്യപ്പെട്ടിരുന്നെന്ന്, ഞാന്‍ എന്തിനാണ് അതൊക്കെ ചോദിക്കുന്നത്. എനിക്ക് നിങ്ങളുടെ ഒരു സാധനവും വേണ്ട. ഞാന്‍ അവിടെ പോയത് തന്നെ അമ്മ പറഞ്ഞതുകൊണ്ടാണ്.
പോകാന്‍ എനിക്ക് ഒട്ടും താല്‍പ്പര്യമുണ്ടായിരുന്നില്ല. എന്റെ അമ്മയെയും എന്നെയും കുടുംബത്തേയും ഒന്ന് വെറുതെ വിടു. ഞാന്‍ കുടുംബത്തോടൊപ്പം സന്തോഷത്തോടെയാണ് കഴിയുന്നത്. എനിക്ക് നിങ്ങളുടെ സ്നേഹമോ സഹായമോ ഒന്നും വേണ്ട. അതൊരിക്കലും കാണിച്ചിട്ടുമില്ല. ഒന്ന് വെറുതെ വിട്ടാല്‍ മതി. ഇതിലും കൂടുതല്‍ എനിക്കൊന്നും പറയാനില്ല.
എന്റെ അമ്മ എന്നെക്കൊണ്ട് നിര്‍ബന്ധിപ്പിച്ചിട്ടാണ് ഇങ്ങനെയൊരു വീഡിയോ എടുപ്പിക്കുന്നതെന്ന് നിങ്ങള്‍ തോന്നുണ്ടാകും. എന്നാല്‍ എന്റെ അമ്മ ഇവിടെയില്ല. ഇങ്ങനെയാരു വിഡിയോ അമ്മ തന്നെ ഇടണമെന്ന് ഞാന്‍ അമ്മയോട് പറഞ്ഞതാണ്. എന്നാല്‍ അമ്മയ്ക്ക് എന്നെ കേസിലേക്കോ ഇങ്ങനെയൊരു വിഷയത്തിലേക്കോ വലിച്ചിടാന്‍ താല്‍പ്പര്യമില്ല.
എനിക്ക് മടുത്തു. ഞാന്‍ എന്റെ ഹൃദയത്തില്‍ നിന്നാണ് ഇത് പറയുന്നത്. എന്റെ അമ്മയും കുടുംബവും കഷ്ടപ്പെടുന്നത് കണ്ടിട്ടാണ് ഞാന്‍ ഇത് പറയുന്നത്. അച്ഛന് ഇത്രയൊക്കെ ചെയ്തിട്ടും അമ്മാമ്മ പറയാറ് അച്ഛനെക്കുറിച്ച് മോശമായിട്ട് ഒന്നും വിചാരിക്കരുത്.
അച്ഛന് വേണ്ടി എപ്പോഴും പ്രാര്‍ത്ഥിക്കണം എന്നൊക്കെയാണ്. അത്രയും നല്ല ആളുകളാണ് എന്റെ കുടുംബത്തിലുള്ളത്. ഈ വ്യാജ ആരോപണങ്ങള്‍ നിര്ത്തു. എനിക്ക് നിങ്ങളോട് സംസാരിക്കാന്‍ താല്‍പ്പര്യമില്ല.