20 കൊല്ലം കാത്തിരിക്കരുത്, പീഡിപ്പിച്ചാല്‍ അപ്പോള്‍ അടിക്കണം, കരണം നോക്കി; സിദ്ദിഖ് അന്നു പറഞ്ഞത്
Thursday, September 26, 2024 3:05 PM IST
യുവനടിയെ പീഡിപ്പിച്ച കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് ഒളിവില്‍ കഴിയുന്ന നടന് സിദ്ദിഖ് മുമ്പ് സ്ത്രീ സുരക്ഷയെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.
2018ല്‍ ലൈംഗിക ചൂഷണങ്ങള്‍ക്കെതിരേ സ്വയം വെളിപ്പെടുത്തലുമായി സ്ത്രീകള്‍ രംഗത്തുവന്ന ‘മി ടൂ’ കാന്പയിനെ സംബന്ധിച്ച് 2018ല്‍ പത്രസമ്മേളനത്തിനിടെ സിദ്ദിഖ് നടത്തിയ പ്രതികരണമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
“മി ടൂ നല്ല കാന്പയിനാണ്. സിനിമാനടിമാര്ക്കു മാത്രമല്ല, എല്ലാവര്ക്കും നല്ലതാണ്. ഒരാള്‍ ഉപദ്രവിച്ചാല്‍ അയാളുടെ പേര് വെളിപ്പെടുത്തണമെന്ന് ഒരു പെണ്‍കുട്ടി തീരുമാനിക്കുന്നത് നല്ല കാര്യമാണ്. 20 കൊല്ലം കാത്തിരിക്കണമെന്നില്ല. അപ്പോള്‍ അടിക്കണം, കരണം നോക്കി. ആ സമയത്ത് പേര് വെളിപ്പെടുത്താനുള്ള ധൈര്യം കാണിക്കണം.
അന്നു ധൈര്യമുണ്ടായില്ല, 20 കൊല്ലം കഴിഞ്ഞപ്പോള്‍ ധൈര്യം ഉണ്ടായി എന്നുപറയാന്‍ നില്‍ക്കരുത്. എല്ലാ പെണ്‍കുട്ടികളോടൊപ്പവും കേരള ജനത മുഴുവന്‍ ഉണ്ടാകും. ആക്രമിക്കപ്പെടുന്ന ആ സമയംതന്നെ പ്രതികരിക്കണം എന്നാണ് എന്റെ അപേക്ഷ’’- 2018 ഒക്ടോബര്‍ 15ന് നടത്തിയ പത്രസമ്മേളനത്തില്‍ സിദ്ദിഖിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.
ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതി സ്ഥാനത്തുള്ളവരെ സംരക്ഷിക്കാന്‍ താരസംഘടന ശ്രമിക്കില്ലെന്ന് കഴിഞ്ഞ മാസം 23ന് കൊച്ചിയില്‍ അമ്മ ആസ്ഥാനത്തു നടത്തിയ പത്രസമ്മേളനത്തിലും സിദ്ദിഖ് വ്യക്തമാക്കിയിരുന്നു.
“മാധ്യമങ്ങള്‍ ‘അമ്മ’യെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതും സിനിമാമേഖലയെ അടച്ചാക്ഷേപിക്കുന്നതും സങ്കടകരമാണ്. കേസെടുത്ത് അന്വേഷിച്ച് കുറ്റക്കാരെ ശിക്ഷിക്കണം. നിയമനടപടികള്‍ക്ക് സഹായം ആവശ്യമുള്ളവര്‍ക്ക് അതു നല്‍കും. പരാതിക്കാരെ സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകും.
റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും നിര്‍ദേശങ്ങളും സ്വാഗതാര്‍ഹമാണ്. തുടര്‍ നടപടി സര്‍ക്കാര്‍ തീരുമാനിക്കണം. ലൈംഗികാതിക്രമ ആരോപണങ്ങളില്‍ വേട്ടക്കാരുടെ പേര് പുറത്തുവിടണമെന്നും കേസെടുക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന കാര്യം ‘അമ്മ’ എക്സിക്യൂട്ടീവ് യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നും അന്ന് സംഘടനയുടെ ജനറൽസെക്രട്ടറിയായിരുന്ന സിദ്ദിഖ് പ്രസ്താവിച്ചിരുന്നു.