മരിച്ചുവെന്ന് വേദനിക്കാനെങ്കിലും അർജുനെ തിരികെക്കിട്ടിയല്ലോ; വേദനയോടെ താരങ്ങൾ
Thursday, September 26, 2024 9:32 AM IST
കര്‍ണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചില്‍ കാണാതായ അര്‍ജുന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ വൈകാരിക കുറിപ്പുമായി മലയാളത്തിന്റെ പ്രിയതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും മഞ്ജു വാര്യറും.
മരിച്ചുവെന്ന് വേദനിക്കാനെങ്കിലും അർജുനെ തിരികെക്കിട്ടിയല്ലോ എന്നും അർജുൻ ഇനി നിങ്ങൾ മലയാളികളുടെ മനസിൽ ജീവിക്കും എന്നുമാണ് താരം മഞ്ജു കുറിച്ചത്.
അർജുനായി 72 ദിവസം പ്രതീക്ഷയുടെ ഒരു കണം ബാക്കിവച്ചു എല്ലാവരും കാത്തിരുന്നുവെന്ന് മമ്മൂട്ടി കുറിച്ചു. ‘72 ദിവസം പ്രതീക്ഷയുടെ ഒരു കണം ബാക്കിവച്ച് കാത്തിരുന്നു, നമ്മളും നമ്മളെക്കാൾ അർജുന്റെ കുടുംബവും... ഒടുവിൽ ഇന്ന് വിട പറയേണ്ടി വന്നു.. ആദരാഞ്ജലികൾ അർജുൻ,’ മമ്മൂട്ടിയുടെ വാക്കുകൾ.
‘മരിച്ചുവെന്ന് വേദനിക്കാനെങ്കിലും തിരികെക്കിട്ടിയല്ലോ. ഒരു പിടി ചാരമാകാനെങ്കിലും ഒരോർമ. പ്രിയപ്പെട്ട അർജുൻ, ഇനി നിങ്ങൾ മലയാളികളുടെ മനസിൽ ജീവിക്കും.’മഞ്ജുവിന്റെ വാക്കുകൾ.
"മനമുരുകി പ്രാർഥിച്ച നാം എല്ലാവരുടേയും ഹൃദയങ്ങളിലേക്ക് നൊമ്പരമായി പ്രിയപ്പെട്ട അർജുൻ.... പ്രിയ സഹോദരന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.’ മോഹൻലാൽ കുറിച്ചു.