വിവാഹമോചനം വേണം, ഞാനും കെനിഷയും ഒരു ആത്മീയ രോഗശാന്തി കേന്ദ്രം തുടങ്ങും: ജയംരവി
Wednesday, September 25, 2024 3:28 PM IST
തനിക്ക് വിവാഹമോചനം വേണമെന്നും ആര്‍തി പറയുന്നതുപോലെ ഒരു അനുരഞ്ജനം നടത്താൻ അവർ ആഗ്രഹിക്കുന്നുവെങ്കിൽ എന്തുകൊണ്ടാണ് അവർ തന്നെ സമീപിക്കാതിരുന്നതെന്നുമുള്ള ചോദ്യവുമായി നടൻ ജയം രവി.
വിവാഹമോചനത്തിന് തയാറല്ലെങ്കിൽ താൻ അയച്ച വക്കീൽ നോട്ടീസുകളോട് ആര്‍തി പ്രതികരിക്കാത്തതെന്താണെന്നും നടൻ ചോദിച്ചു. ഏറ്റവും പുതിയ ചിത്രമായ ബ്രദറിന്റെ ഓഡിയോ ലോഞ്ച് വേളയിൽ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു നടൻ.
എനിക്ക് ആർതിയിൽ നിന്ന് വിവാഹമോചനം വേണമെന്നായിരുന്നു ആഗ്രഹം. ആരതി പറയുന്നതുപോലെ അനുരഞ്ജനം നടത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ എന്തുകൊണ്ടാണ് അവൾ എന്നെ സമീപിക്കാത്തത്? എന്തുകൊണ്ടാണ് ഞാൻ അയച്ച രണ്ട് വക്കീൽ നോട്ടീസുകളോടും അവൾ പ്രതികരിക്കാത്തത്?
അനുരഞ്ജനമാണ് ഉദ്ദേശമെങ്കിൽ കാമുകിയെ കുറിച്ച് വാർത്തകൾ ഉണ്ടാകുമോ? ഗായിക കെനിഷ ഫ്രാൻസിസുമായി ഞാൻ ഡേറ്റിംഗ് നടത്തുന്നെന്ന കിംവദന്തികൾ ആരംഭിച്ചത് എങ്ങനെയാണ്? എന്തിന് ആരെങ്കിലും മൂന്നാമതൊരാളെ അനാവശ്യമായി ഈ വിഷയത്തിലേക്ക് വലിച്ചിഴക്കണം?
കെനിഷയുമായി ചേർന്ന് ഒരു ആത്മീയ രോഗശാന്തി കേന്ദ്രം ആരംഭിക്കാൻ ഞാൻ പദ്ധതിയിടുന്നു, ഞങ്ങൾ അനുയോജ്യമായ സ്ഥലത്തിനായി തിരയുകയാണ്. എന്റെ വിവാഹമോചനത്തിന് ഇതുമായി ഒരു ബന്ധവുമില്ല. ഈ വാർത്ത എന്റെ ഇമേജിനെ മോശമായി ബാധിക്കുന്നുണ്ട്. എന്റെ കുടുംബത്തിലെ മറ്റുള്ളവരെയും ഈ ആരോപണങ്ങൾ ബാധിക്കുന്നുണ്ട്. ഇതൊക്കെ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
എന്റെ മക്കളായ ആരവ്, അയാൻ എന്നിവരുടെ സംരക്ഷണം വേണം. 10 വർഷമോ 20 വർഷമോ അല്ലെങ്കിൽ എത്ര സമയമെടുത്താലും ഇതിനായി കോടതിയിൽ പോരാടാൻ ഞാൻ തയാറാണ്. എന്റെ ഭാവി എന്റെ കുട്ടികളാണ്, അവരാണ് എന്റെ സന്തോഷം. എന്റെ മകൻ ആരവിനൊപ്പം ഒരു സിനിമ നിർമിക്കാനും ശരിയായ സമയത്ത് അവനെ സിനിമയിലേക്ക് കൊണ്ടുവരാനും ഞാൻ ആഗ്രഹിക്കുന്നു.
അതാണ് ഞാൻ കണ്ട സ്വപ്നം. ആറ് വർഷം മുമ്പ് ടിക് ടിക് ടോക്കിൽ അവനോടൊപ്പം അഭിനയിച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമായിരുന്നു. ഞാൻ വീണ്ടും അത്തരമൊരു ദിവസത്തിനായി കാത്തിരിക്കുകയാണ്.
എല്ലാവരും ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് എന്റെ പ്രസ്താവനയിൽ ഞാൻ വ്യക്തമായി പറഞ്ഞിട്ടുണ്ട്. കേസ് കോടതിയിലാണ്, ഒക്ടോബറിൽ ആദ്യ വാദം കേൾക്കും. മുന്നോട്ട് പോകുമ്പോൾ, ഞാൻ എല്ലാം നിയമപരമായി തന്നെ നേരിടും ഇനി ഒരു തിരിച്ചുപോക്കില്ല, എനിക്ക് വിവാഹമോചനം വേണം.
ഞാൻ ഇനി തിരക്കിട്ട് സിനിമകൾ ഏറ്റെടുക്കാൻ പോകുന്നില്ല. സ്ക്രിപ്റ്റുകൾ കേട്ടതിനു ശേഷം സമയമെടുത്ത് മാത്രമേ ഞാൻ കാര്യങ്ങൾ തീരുമാനിക്കൂ. ഭാവിയിൽ കാര്യങ്ങൾ വ്യത്യസ്തമായിരിക്കും. ജയം രവി പറഞ്ഞു.
പതിനഞ്ചു വർഷത്തെ ദാമ്പത്യത്തിനൊടുവിൽ ഭാര്യ ആര്‍തിയിൽ നിന്ന് വിവാഹമോചനം തേടുകയാണെന്ന് ജയം രവി സമൂഹ മാധ്യമത്തിലൂടെ പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ തന്നോട് ചർച്ച ചെയ്യാതെയാണ് രവി അത്തരമൊരു പ്രഖ്യാപനത്തിലേക്ക് നീങ്ങിയതെന്നും കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിലും താൻ ചർച്ചക്ക് തയ്യാറായിരുന്നു എന്നും ആര്‍തി വെളിപ്പെടുത്തിയിരുന്നു.
കുട്ടികൾക്ക് വേണ്ടി താൻ മൗനം പാലിച്ചതാണെന്നും സമൂഹ മാധ്യമങ്ങളിൽ തനിക്കെതിരെ വിദ്വേഷപരമായ വാർത്തകൾ നിറയുന്നതുകൊണ്ടാണ് ഇപ്പൊൾ മൗനം വെടിയുന്നതെന്നും ആര്‍തി തുറന്നു പറഞ്ഞിരുന്നു.