എല്ലാ അമ്മമാർക്കും നിന്നെപ്പോലെ ഒരു കുട്ടി ഉണ്ടാകണം: അഹാനയെക്കുറിച്ച് സിന്ധു കൃഷ്ണ
Monday, September 23, 2024 12:12 PM IST
മകൾ അഹാനയെക്കുറിച്ച് ഹൃദ്യമായ കുറിപ്പുമായി സിന്ധു കൃഷ്ണ. എല്ലാ അമ്മമാർക്കും നിന്നെപ്പോലെ ഒരു കുട്ടി വേണമെന്നും തന്റെ പല പേടികളും അമ്മു നിഷ്പ്രയാസം കൂടെനിന്നു തോൽപ്പിച്ചെന്നു സിന്ധു പറയുന്നു. കുടുംബസമേതം ബാലിയിലേക്ക് നടത്തിയ യാത്രയിലെ നിമിഷങ്ങൾ ഓർത്തെടുത്താണ് സിന്ധു അഹാനയോടു നന്ദി പറഞ്ഞത്.
‘‘ഊട്ടിയിലെ ബോർഡിംഗ് സ്കൂളിലായിരുന്നപ്പോൾ ആവശ്യത്തിൽ അധികം സാഹസികതകൾ ചെയ്തിട്ടുണ്ടെങ്കിലും, ഇപ്പോൾ അതിനൊന്നും സാധിക്കാറില്ല. ഇഷ്ടമുള്ളതെല്ലാം ചെയ്യാനാകുന്ന പ്രായമോ ആരോഗ്യമോ ഇല്ല. എന്നാൽ ഈ ബാലി യാത്രയിൽ കുട്ടികളുടെ നിർബന്ധത്തിൽ, എല്ലാ പേടികളെയും എനിക്ക് തോൽപ്പിക്കാനായി.
അമ്മൂ, എല്ലാ അമ്മമാർക്കും നിന്നെപ്പോലെ ഒരു കുട്ടി ഉണ്ടാവണം. ജീവിതത്തിലേക്ക് ഒരുപാടു സന്തോഷം തന്ന കുട്ടിയാണ് നീ. ആയിരം പടികളിൽ ഓരോന്നും പതുക്കെ കയറുമ്പോൾ നീ എന്റെ ഒപ്പം നിന്നു. വീഴുമെന്നു തോന്നിയപ്പോഴൊക്കെ പുറകിൽ താങ്ങായി നീ ഉണ്ടായിരുന്നു.
കടൽത്തിരകളിൽ നിൽക്കുമ്പോൾ നീയെന്നെ മുറുക്കിപ്പിടിച്ചു. ജീവിതം മുഴുവനും ഓർക്കാനുള്ള ഓർമകളുണ്ടാക്കി. നന്ദി അമ്മു. കൂടാതെ, എന്നെ സഹായിച്ച ഓസിക്കും ഇഷാനിക്കും ഹൻസുവിനും അശ്വിനും നന്ദി.'' സിന്ധു കുറിച്ചു.
കുടുംബസമേതമാണ് നടൻ കൃഷ്ണകുമാർ ബാലിയിലെത്തിയത്. ഈയടുത്ത് വിവാഹിതയായ രണ്ടാമത്തെ മകൾ ദിയയും ഭർത്താവ് അശ്വിനും ഈ യാത്രയിൽ ഇവർക്കൊപ്പമുണ്ട്.