ലഹരിക്കെതിരെ "തീ'; ആപ്പിൾ ടിവി സംപ്രേക്ഷണം തുടങ്ങി
Thursday, September 19, 2024 3:53 PM IST
ജീവിതത്തിലെ തെറ്റുകൾ തിരുത്താൻ പ്രേരിപ്പിക്കുന്ന പ്രമേയവും എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങളും കൊണ്ട് പ്രശംസ നേടിയ തീ എന്ന ചിത്രം ആപ്പിൾ ടിവി യിൽ സംപ്രേഷണം ആരംഭിച്ചു.
യൂ ക്രിയേഷൻസ്, വിശാരദ് ക്രിയേഷൻസ് എന്നീ ബാനറുകളിൽ അനിൽ വി.നാഗേന്ദ്രൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിന്റെ വേറിട്ട കാസ്റ്റിംഗും പുതുമകളും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
യുവ എംഎൽഎ മുഹമ്മദ് മുഹസിൻ നായകനും വസന്തത്തിന്റെ കനൽ വഴികളിൽ എന്ന ചിത്രത്തിൽ സമുദ്രക്കനിയ്ക്കാപ്പം നായകവേഷം അവതരിപ്പിച്ച ഋതേഷ് പ്രതിനായകനുമാകുന്ന ചിത്രത്തിൽ അധോലോക നായകന്റെ മാരക ഗെറ്റപ്പിൽ എത്തുന്നത് ഇന്ദ്രൻസാണ്. പുതുമുഖം സാഗരയാണ് നായിക.
പ്രേംകുമാർ, രമേഷ് പിഷാരടി, വിനുമോഹൻ, അരിസ്റ്റോ സുരേഷ്, ഉല്ലാസ് പന്തളം, വി.കെ. ബൈജു, ജയകുമാർ, സോണിയ മൽഹാർ, രശ്മി അനിൽ, ഗായകൻ ഉണ്ണി മേനോൻ, വിപ്ലവഗായിക പി.കെ.മേദിനി, ആർട്ടിസ്റ്റ് സുജാതൻ, പ്രശസ്ത നാടൻ പാട്ടുകാരൻ സി.ജെ.കുട്ടപ്പൻ, പ്രസിദ്ധ ജീവകാരുണ്യ പ്രവർത്തകൻ നാസർമാനു തുടങ്ങിയവരോടൊപ്പം വ്യത്യസ്ത രാഷ്ട്രീയ നേതാക്കളായ കെ.സുരേഷ് കുറുപ്പ്, സി.ആർ. മഹേഷ്, കെ. സോമപ്രസാദ്, സൂസൻ കോടി തുടങ്ങിയവരും തീ യിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
ലഹരിമാഫിയയും ക്രിമിനൽ സംഘങ്ങളും സമൂഹത്തിൽ സൃഷ്ടിക്കുന്ന ഭീകരതയെ തുറന്നുകാട്ടുന്ന ചിത്രം അലസരായിരിക്കാനോ ആത്മഹത്യ ചെയ്യാനോ ഉള്ളതല്ല ജീവിതമെന്നും മറിച്ച് പൊരുതി മുന്നേറാനുള്ളതാണെന്നും അടിവരയിട്ട് നമ്മെ ഓർമ്മിപ്പിക്കുന്നു.
ലഹരിവസ്തുക്കൾക്കെതിരായുള്ള ബോധവൽക്കരണത്തിനായി വിദ്യാഭ്യാസം, ആരോഗ്യം, പോലീസ്, എക്സൈസ്, സാമൂഹ്യനീതി എന്നീ വകുപ്പുകളെ സംയോജിപ്പിച്ചു കൊണ്ട് സംസ്ഥാന സർക്കാർ ആരംഭിച്ച യോദ്ധാവ് പദ്ധതിയിൽ തെരഞ്ഞെടുത്ത ചലച്ചിത്രമാണ് തീ.
അറിഞ്ഞോ അറിയാതെയോ ലഹരിയുടെ പിടിയിൽ അകപ്പെടുന്നവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനും നന്മയുടെ വഴിയിലേക്ക് നയിക്കാനും ഈ ചിത്രത്തിന് സാധിക്കുമെന്നാണെ വിലയിരുത്തപ്പെടുന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഗൂഗിൾ പ്ലേയിലും ചിത്രം റിലീസ് ചെയ്യുമെന്ന് അനിൽ വി. നാഗേന്ദ്രൻ അറിയിച്ചു.
https://tv.apple.com/in/movie/thee/umc.cmc.5901gcb1f5qphjmk3xrh1281o
ഈ ലിങ്കിൽ ക്ലിക്ക് ചെയ്തോ QR കോഡ് സ്കാൻ ചെയ്തോ തീ കാണാം. പിആർഒ-എ.എസ്. ദിനേശ്.