മാസ് ലുക്കുമായി ഫഹദ്, ഒപ്പം ചാക്കോച്ചനും ജ്യോതിർമയിയും; അമൽ നീരദിന്റെ ബോഗയ്ൻവില്ല
Thursday, September 19, 2024 12:21 PM IST
ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന അമൽ നീരദ് ചിത്രം ബോഗയ്ൻവില്ലയുടെ പുതിയ പോസ്റ്റർ പുറത്തിറക്കി. അമൽ നീരദ് തന്നെയാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.
കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ജ്യോതിർമയി എന്നിവരാണ് പോസ്റ്ററിലുള്ളത്. അമൽ നീരദ് പ്രൊഡക്ഷൻസും ഉദയ പിക്ചേഴ്സുമാണ് ചിത്രം നിർമിക്കുന്നത്. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസും അമൽ നീരദും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
ലാജോ ജോസിന്റെ റൂത്തിന്റെ ലോകമെന്ന കഥയെ ആസ്പദമാക്കിയുള്ള ചിത്രമാണിതെന്ന് അഭ്യൂഹങ്ങൾ ഉയർന്നെങ്കിലും ഇത് പുതിയ കഥയാണെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിരുന്നു.
മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഭീഷ്മപര്‍വ്വത്തിനുശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അമല്‍ നീരദും കുഞ്ചാക്കോ ബോബനും ആദ്യമായാണ് ഒരുമിക്കുന്നത്.
ജ്യോതിര്‍മയിയും ഷറഫുദീനുമാണ് മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് ജ്യോതിര്‍മയി വീണ്ടും സിനിമയില്‍ സജീവമാകുന്നത്. സുഷിന് ശ്യാം സംഗീതം പകരുന്ന ചിത്രത്തിന്റെ കാമറ ആനന്ദ് സി. ചന്ദ്രനാണ്.