ഫഹദിന്റെ അഭിനയം ആകാംഷയോടെ നോക്കുന്ന രജനികാന്ത്; വീഡിയോ
Thursday, September 19, 2024 10:22 AM IST
രജനികാന്തിനെ നായകനാക്കി ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന വേട്ടൈയ്യനിലെ ഫഹദ് ഫാസിൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ വീഡിയോ പുറത്തിറക്കി. ചിത്രത്തിൽ പാട്രിക്ക് എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്.
ഫഹദ് ഫാസിലും രജനികാന്തും അമിതാഭ് ബച്ചനും ഉൾപ്പെടുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷൻ വീഡിയോയും നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് പുറത്തുവിട്ടിട്ടുണ്ട്. ഫഹദിന്റെ അഭിനയം കാണാൻ എത്തുന്ന രജനികാന്തിന്റെ ആകാംക്ഷയും വീഡിയോയിൽ കാണാം.
മോണിറ്ററിൽ ഫഹദ് തന്റെ അഭിനയം കണ്ടുകൊണ്ടിരിക്കുമ്പോൾ തൊട്ടുപിന്നിലായി അതിശയത്തോടെ രജനികാന്തും നിൽക്കുന്നുണ്ട്.
ഒരു ഫൺ മൂഡിലുള്ള കഥാപാത്രത്തെയാണ് ഫഹദ് ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. വിക്രം, മാമന്നൻ എന്നീ സിനിമകൾക്ക് ശേഷം ഫഹദ് അഭിനയിക്കുന്ന തമിഴ് ചിത്രമാണിത്.
അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ, ദുഷാര വിജയൻ, കിഷോർ, റിതിക സിംഗ്, ജി.എം. സുന്ദർ, രോഹിണി, റാവൊ രമേശ്, രമേശ് തിലക് എന്നിവരാണ് വേട്ടയ്യനിലെ മറ്റു അഭിനേതാക്കൾ.