തിയറ്ററുകളിലെ ചിരി ഇനി വീട്ടിലെത്തും; വാഴ വരുന്നു ഒടിടിയിൽ
Thursday, September 19, 2024 9:46 AM IST
ബോക്സ്ഓഫിസില്‍ തരംഗമായി മാറിയ ‘വാഴ’ സിനിമ ഒടിടി റിലീസിനൊരുങ്ങുന്നു. സെപ്റ്റംബർ 23ന് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. ഹാഷിർ, സാഫ് ബോയ്, ജോമോൻ ജ്യോതിർ, സിജു സണ്ണി, അലൻ, വിനായക്, അജിൻ ജോയ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആനന്ദ് മേനോൻ സംവിധാനം നിർവഹിച്ച ചിത്രമാണിത്. ചിത്രം തിയറ്ററുകളിൽ വൻ വിജയമാണ് നേടിയത്.
ജയ ജയ ജയ ജയഹേ, ഗുരുവായൂർ അമ്പലനടയിൽ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ സംവിധായകനായ വിപിൻ ദാസിന്റേതാണ് തിരക്കഥ. റിലീസ് ചെയ്ത് മൂന്നു ദിവസം കൊണ്ട് കേരളത്തിലെ തിയറ്ററുകളിൽ നിന്ന് ചിത്രം നേടിയത് അഞ്ചു കോടി 40 ലക്ഷം ഗ്രോസ് കളക്ഷനാണ്. ഓഗസ്റ്റ് 15ന് റിലീസ് ചെയ്ത വാഴ ഒരു കോടി 44 ലക്ഷം രൂപയാണ് റിലീസ് ദിനത്തിൽ മുഴുവനായും സ്വന്തമാക്കിയത്.
വെറും നാല് കോടി ചെലവഴിച്ച് നിര്‍മിച്ച ചിത്രമാണ് വാഴ. ചിത്രം വലിയ വിജയം നേടിയതോടെ രണ്ടാം ഭാഗവും അണിയറക്കാർ പ്രഖ്യാപിച്ചിരുന്നു. സിനിമയുടെ ആദ്യ ഭാഗത്തിലെ പ്രധാന താരങ്ങൾക്കൊപ്പം ഇൻസ്റ്റഗ്രാം താരങ്ങളായ ഹാഷിർ, അലൻ, അജിൻ, വിനായക് എന്നിവരും രണ്ടാം ഭാഗത്തിലുണ്ടാകും. നവാഗതനായ സവിൻ എസ്.എ. ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഖിൽ ലൈലാസുരനാകും ഛായാഗ്രഹണം.