‘മാനാട്’ ഇതുവരെയും കാണാതിരിക്കുന്നത് അതുകൊണ്ട്, ആ കഥാപാത്രം ചെയ്യാനിരുന്നത് ഞാൻ: അരവിന്ദ് സ്വാമി
Thursday, September 19, 2024 8:37 AM IST
മാനാട് സിനിമയിൽ എസ്.ജെ. സൂര്യ ചെയ്ത വില്ലൻ കഥാപാത്രത്തിനായി സംവിധായകൻ വെങ്കട് പ്രഭു ആദ്യം സമീപിച്ചത് അരവിന്ദ് സ്വാമിയെ ആയിരുന്നു. കഥാപാത്രവുമായി ബന്ധപ്പെട്ട എല്ലാ ചർച്ചകളും പൂർത്തിയായിരുന്നു. എന്നാൽ എല്ലാം തയാറായി നിന്ന സമയത്ത് നടന് ഡേറ്റ് ഇഷ്യു വരികയും പകരം എസ്.ജെ. സൂര്യയിലേക്കെത്തുകയുമായിരുന്നു.
താൻ ഇതുവരെ ആ സിനിമ കണ്ടിട്ടില്ലെന്ന് വെളിപ്പെടുത്തുകയാണ് അരവിന്ദ് സ്വാമി. ആ സിനിമയ്ക്കായി ഒരുപാട് തയ്യറെടുപ്പുകൾ നടത്തിയിരുന്നുവെന്നും അതിനാൽ ആ കഥാപാത്രത്തെ വേറൊരു രീതിയിൽ കാണാൻ താൽപര്യമില്ലാത്തതുകൊണ്ടാണ് കാണാതിരുന്നതെന്നും അദ്ദേഹം പറയുന്നു.
‘‘ഒരുമാസം കഴിഞ്ഞ് മാത്രമാണ് എനിക്ക് ആ സിനിമയില്‍ ജോയിൻ ചെയ്യാൻ പറ്റുമായിരുന്നൊള്ളൂ. പക്ഷേ അണിയറക്കാർ അത്രയും കാത്തിരിക്കാൻ തയാറല്ലായിരുന്നു. അവരുടെ തീരുമാനത്തെ ഞാനും അംഗീകരിക്കുന്നു. ഇതുവരെയും ഞാൻ ആ സിനിമ കണ്ടിട്ടില്ല.
കാരണം ഞാനും ആ കഥാപാത്രമായി മാറിയിരുന്നു. അതിനു വേണ്ടി ഒരുപാട് തയാറെടുക്കുകയും ചെയ്തു. ആ കഥാപാത്രത്തെ വേറൊരു രീതിയിൽ കാണാൻ താൽപര്യമില്ലാത്തതുകൊണ്ടാണ് കാണാതിരുന്നത്. പക്ഷേ തീർച്ചയായും കാണും.’’അരവിന്ദ് സ്വാമിയുടെ വാക്കുകൾ.
ചിമ്പുവിനെ നായകനാക്കി വെങ്കട് പ്രഭു ഒരുക്കിയ സയൻസ് ഫിക്ഷൻ ത്രില്ലറായിരുന്നു മാനാട്. ഡിസിപി ധനുഷ്കോടി എന്ന വില്ലൻ കഥാപാത്രമായി എത്തിയ എസ്.ജെ. സൂര്യയുടെ പ്രകടനമായിരുന്നു സിനിമയുടെ പ്രധാന ഹൈലൈറ്റുകളിലൊന്ന്.