"അമ്മ' യോഗം ചേരുന്നതില്‍ അനിശ്ചിതത്വം തുടരുന്നു
Wednesday, September 18, 2024 3:40 PM IST
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഭരണ സമിതി പിരിച്ചുവിട്ട താരസംഘടനയായ അമ്മയുടെ പുതിയ നേതൃത്വത്തെ കണ്ടെത്തുന്നതിനായുള്ള യോഗം ചേരുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. നേതൃത്വം ഏറ്റെടുക്കാന്‍ ആരും തയാറാകാത്തതും വിവാദങ്ങള്‍ക്ക് പിന്നാലെ താരങ്ങള്‍ക്കിടയില്‍ ഉടലെടുത്ത അഭിപ്രായ ഭിന്നതയും യോഗം ചേരുന്നതിന് തടസമായിട്ടുണ്ട്.
അതിനിടെ സംഘടനയുടെ താല്‍ക്കാലിക സമിതി യോഗം മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ നാളെ ചേരുമെന്ന വാര്‍ത്ത തള്ളി ചില അംഗങ്ങള്‍ രംഗത്തെത്തി. ഓണ്‍ലൈന്‍ വഴി യോഗം ചേരുന്നതു സംബന്ധിച്ചു തങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടില്ലെന്ന് ജഗദീഷ്, വിനു മോഹന്‍ എന്നിവര്‍ വ്യക്തമാക്കി.
ഭരണസമിതി പിരിച്ചുവിട്ട് മൂന്നു മാസത്തിനുള്ളില്‍ ജനറല്‍ ബോഡി ചേര്‍ന്നു പുതിയ ഭരണസമിതിയെ കണ്ടെത്തേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ അടക്കം ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചതെന്നായിരുന്നു വിവരം. പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിനുള്ള തീയതി ഇനി ചേരുന്ന യോഗത്തില്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം.
അതേസമയം രാജിവച്ച സിദ്ദിഖിന് പകരം മറ്റൊരാളെ കണ്ടെത്തി മോഹന്‍ലാലിന്റെ അധ്യക്ഷതയില്‍ ഭരണ സമിതി തുടരണം എന്നാണ് താത്ക്കാലിക സമിതി അംഗങ്ങളുടെ അഭിപ്രായം. എന്നാല്‍ മോഹന്‍ലാല്‍ ഇതിനോട് അതൃപ്തി അറിയിച്ചതായാണ് സൂചന.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ അമ്മയ്ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ലൈംഗിക പീഡന പരാതി ഉയര്‍ന്നതോടെ ജനറല്‍ സെക്രട്ടറിയും നടനുമായ സിദ്ദിഖ് രാജിവെച്ചിരുന്നു. ഇതിന് പിന്നാലെ ഭരണസമിതി പിരിച്ചുവിടുകയായിരുന്നു.