പുതിയ സംഘടനയിൽ ഭാഗമല്ലെന്ന് വ്യക്തമാക്കി മഞ്ജുവിന്റെ മാനേജരും നിർമാതാവുമായ ബിനീഷ് ചന്ദ്ര
Wednesday, September 18, 2024 3:14 PM IST
പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷൻ എന്ന സംഘടയിൽ ഭാഗമല്ലെന്ന് വ്യക്തമാക്കി നടി മഞ്ജു വാര്യറുടെ മാനേജറും നിർമാതാവുമായ ബിനീഷ് ചന്ദ്ര. ആശയം നല്ലതാണെന്നും പുതിയ സംഘടയില്‍ ചേരാൻ തീരുമാനമെടുത്തിട്ടില്ലെന്നും പ്രചരിക്കുന്ന കത്തില്‍ പേര് വെച്ചത് തന്റെ അറിവോടെയല്ലെന്നും ബിനീഷ് വ്യക്തമാക്കി.
ലിജോ ജോസ് പെല്ലിശേരിക്ക് പിന്നാലെയാണ് സംഘടനയിൽ നിലവിൽ ഭാഗമല്ലെന്ന് ബിനീഷ് അറിയിച്ചത്. പുതുതായി വരുന്ന സംഘടനയിൽ നിലവിൽ ഭാഗമല്ലെന്ന് അറിയിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശേരി ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരുന്നു.
സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നുവെന്നും സംഘടനയില്‍ ചേരുന്നത് ഔദ്യോഗികമായി അറിയിക്കുമെന്നും അതുവരെ തന്റെ പേരില്‍ പ്രചരിക്കുന്ന ഒന്നും തന്റെ അറിവോടെ അല്ലെന്നും ലിജോ വ്യക്തമാക്കിയിരുന്നു.
മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചലച്ചിത്ര കൂട്ടായ്മയിൽ ഞാൻ നിലവിൽ ഭാഗമല്ല. ക്രിയാത്മകമായ ചലച്ചിത്ര സംവിധായക നിർമാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നു അത്തരത്തിലൊന്നിനെ സ്വാഗതം ചെയ്യുന്നു.
അങ്ങിനെയൊരു കൂട്ടായ്മയുടെ ഭാഗമാവാൻ ഞാൻ ആഗ്രഹിക്കുന്ന പക്ഷം അതൊരു ഔദ്യോഗിക അറിയിപ്പായി എന്റെ ഭാഗത്തു നിന്നും ഉണ്ടാകും. അതുവരെ എന്റെ പേരിൽ പ്രചരിക്കുന്ന ഒന്നും എന്റെ അറിവോടെയല്ല. ലിജോ ഫേസ്ബുക്കിൽ കുറിച്ചു.
ആഷിഖ് അബു, അഞ്ജലി മേനോന്, രാജീവ് രവി, റിമ കല്ലിങ്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുതിയ സംഘടനയായ പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷൻ വരിക.
മലയാള സിനിമാ വ്യവസായത്തെ നവീകരിക്കുക, പുതിയ സിനിമാ സംസ്കാരം രൂപീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സംഘടനയ്ക്ക് രൂപം നല്‍കുന്നത്. സമത്വം, സഹകരണം, സാമൂഹികനീതി എന്നീ മൂല്യങ്ങളില്‍ ഊന്നിക്കൊണ്ടായിരിക്കും സംഘടന പ്രവര്‍ത്തിക്കുകയെന്നും തൊഴിലാളികളുടെയും നിര്‍മാതാക്കളുടെയും അവകാശങ്ങള്‍ ഉറപ്പാക്കുമെന്നും സംഘടനയുടെ ഭാരവാഹികൾ പറഞ്ഞിരുന്നു.