നിലവിൽ ആ ചലച്ചിത്ര കൂട്ടായ്മയിൽ ഞാൻ ഭാഗമല്ല: ലിജോ ജോസ് പെല്ലിശേരി
Wednesday, September 18, 2024 9:06 AM IST
പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷൻ എന്ന പേരിൽ പുതുതായി വരുന്ന സംഘടനയിൽ നിലവിൽ ഭാഗമല്ലെന്ന് അറിയിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശേരി. സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നുവെന്നും ആ കൂട്ടായ്മയുടെ ഭാഗമാകാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും ലിജോ പറഞ്ഞു. സംഘടനയില്‍ ചേരുന്നത് ഔദ്യോഗികമായി അറിയിക്കുമെന്നും അതുവരെ തന്റെ പേരില്‍ പ്രചരിക്കുന്ന ഒന്നും തന്റെ അറിവോടെ അല്ലെന്നും ലിജോ അറിയിച്ചു.
മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചലച്ചിത്ര കൂട്ടായ്മയിൽ ഞാൻ നിലവിൽ ഭാഗമല്ല. ക്രിയാത്മകമായ ചലച്ചിത്ര സംവിധായക നിർമാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നു അത്തരത്തിലൊന്നിനെ സ്വാഗതം ചെയ്യുന്നു.
അങ്ങിനെയൊരു കൂട്ടായ്മയുടെ ഭാഗമാവാൻ ഞാൻ ആഗ്രഹിക്കുന്ന പക്ഷം അതൊരു ഔദ്യോഗിക അറിയിപ്പായി എന്റെ ഭാഗത്തു നിന്നും ഉണ്ടാകും. അതുവരെ എന്റെ പേരിൽ പ്രചരിക്കുന്ന ഒന്നും എന്റെ അറിവോടെയല്ല. ലിജോ ഫേസ്ബുക്കിൽ കുറിച്ചു.
ആഷിഖ് അബു, അഞ്ജലി മേനോന്, രാജീവ് രവി, റിമ കല്ലിങ്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുതിയ സംഘടനയായ പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷൻ വരിക.
മലയാള സിനിമാ വ്യവസായത്തെ നവീകരിക്കുക, പുതിയ സിനിമാ സംസ്കാരം രൂപീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സംഘടനയ്ക്ക് രൂപം നല്‍കുന്നത്. സമത്വം, സഹകരണം, സാമൂഹികനീതി എന്നീ മൂല്യങ്ങളില്‍ ഊന്നിക്കൊണ്ടായിരിക്കും സംഘടന പ്രവര്‍ത്തിക്കുകയെന്നും തൊഴിലാളികളുടെയും നിര്‍മാതാക്കളുടെയും അവകാശങ്ങള്‍ ഉറപ്പാക്കുമെന്നും സംഘടനയുടെ ഭാരവാഹികൾ പറഞ്ഞിരുന്നു.