ട്രെയിനിലിരുന്ന് എആർഎം വ്യാജ പതിപ്പ് കണ്ട് യാത്രക്കാരൻ; ഹൃദയം തകരുന്നുവെന്ന് സംവിധായകൻ
Tuesday, September 17, 2024 10:33 AM IST
റിലീസിന് പിന്നാലെ ടൊവീനോ തോമസ് നായകനായ അജയന്റെ രണ്ടാം മോഷണത്തിന്റെ വ്യാജ പതിപ്പ് പുറത്തിറങ്ങി. ട്രെയിലിരുന്ന് വ്യാജ കോപ്പി കാണുന്ന യാത്രക്കാരന്റെ വീഡിയോ സംവിധായകൻ ജിതിൻ ലാൽ തന്നെയാണ് ഫേസ്ബുക്കിൽ പങ്കുവെച്ചത്.
ഒരു സുഹൃത്ത് അയച്ചു തന്ന വീഡിയോ ആണിതെന്നും ഇത് തന്റെ ഹൃദയം തകര്‍ക്കുന്നതാണെന്നും ജിതിൻ ലാൽ കുറിച്ചു. തനിക്ക് വേറെ ഒന്നും പറയാൻ ഇല്ല. ടെലഗ്രാം വഴി എആർഎം കാണേണ്ടവർ കാണട്ടെയെന്നും അല്ലാതെ എന്തുപറയാനാണെന്നും ജിതിൻ പറയുന്നു.
ഇക്കഴിഞ്ഞ 12നാണ് അജയന്റെ രണ്ടാം മോഷണം റിലീസ് ചെയ്തത്. ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയത് അണിയറപ്രവർത്തകരെ ഏറെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.
ഏട്ടുവർഷം നീണ്ടു നിന്ന യാത്രയായിരുന്നു ഇതെന്ന് സംവിധായകൻ ജിതിൻ ലാൽ നേരത്തെ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. ടൊവീനോ തോമസിന്റെ അമ്പതാം ചിത്രം കൂടിയാണിത്. റിലീസിന് പിന്നാലെ മികച്ച അഭിപ്രായം നേടിയ ചിത്രം കളക്ഷൻ റെക്കോർഡുകളും സൃഷ്ടിക്കുന്നുണ്ട്. ഇതിനിടെയാണ് ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയത്.
ആഗോളതലത്തിൽ 22 കോടിയിലധികം രൂപയാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. ഇതിൽ 14.45 കോടിയിലധികം രൂപ ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്നാണ്.