മുംബൈയിൽ 30 കോടിയുടെ ആഡംബര വസതി സ്വന്തമാക്കി പൃഥ്വിരാജ്; അയൽക്കാരായി രൺവീറും അക്ഷയ്യും
Tuesday, September 17, 2024 8:55 AM IST
മുംബൈ ബാന്ദ്രാ പാലി ഹിൽസിലെ ആഡംബര വസതികൾ സ്വന്തമാക്കിയ താരങ്ങളുടെ കൂട്ടത്തിൽ ഇനി മലയാളത്തിൽ നിന്നും പൃഥ്വിരാജും. 30.6 കോടി രൂപ മുടക്കിയാണ് പൃഥ്വിരാജും സുപ്രിയയും ഇരുവരുടെയും ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ പേരിൽ 2971 ചതുരശ്രയടി വിസ്തീർണമുള്ള ആഡംബരവസതി സ്വന്തമാക്കിയത്.
നാലു കാറുകൾ പാർക്ക് ചെയ്യാം. 431 ചതുരശ്ര അടിയാണ് കാർ പാർക്കിംഗിന് വേണ്ടി മാത്രം ഉള്ളത്. 2,971 ചതുരശ്ര അടിയാണ് പുതിയ വസതിയ്ക്ക് ഉള്ളത്.1.84 കോടി രൂപയാണ് സ്റ്റാംപ് ഡ്യൂട്ടിയായി അടച്ചതെന്ന് റിയൽ എസ്റ്റേറ്റ് ഏജൻസിയായ സ്ക്വയർ യാർഡ്സ് അറിയിച്ചു.
നേരത്തേ 17 കോടി രൂപ വില വരുന്ന വസതി പാലി ഹില്ലിൽ തന്നെ താരം വാങ്ങിയിരുന്നു. രൺവീർ സിംഗ്, അക്ഷയ് കുമാർ, ക്രിക്കറ്റ് താരം കെ.എൽ. രാഹുൽ തുടങ്ങി സെലിബ്രിറ്റികളുടെ നീണ്ട നിരയാണ് പാലി ഹിൽസിൽ ഈയടുത്ത് വീട് സ്വന്തമാക്കിയിരിക്കുന്നത്. നടിയും എംപിയുമായ കങ്കണ റനൗട്ട് 20 കോടി രൂപയ്ക്ക് 2017ൽ ഇവിടെ വാങ്ങിയ വീട് 32 കോടി രൂപയ്ക്കാണ് വിറ്റത്.