25-ാം വാർഷികത്തിൽ അറക്കൽ മാധവനുണ്ണി വീണ്ടും വരുന്നു; കൂടുതൽ ദൃശ്യമികവോടെ 'വല്യേട്ടനി'ലെ ഗാനം പുറത്ത്
Monday, September 16, 2024 10:47 AM IST
രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം വല്യേട്ടൻ പ്രദർശനത്തിനെത്തിയിട്ട് ഇരുപത്തിയഞ്ചു വർഷം പൂർത്തിയാകുന്നു. വൻ വിജയം നേടിയ ഈ ചിത്രം ഇപ്പോൾ ആധനികസാങ്കേതികവിദ്യകളുടെ സഹായത്തോടെ 4 kഡോൾബി അറ്റ്മോസ് സിസ്റ്റത്തിൽ വീണ്ടും പ്രദർശനത്തിനെത്തുകയാണ്.
അതിന്റെ മുന്നോടിയായി ചിത്രത്തിലെ ഏറ്റവും പോപ്പുലറായ ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ അറയ്ക്കൽ മാധവനുണ്ണിയും സഹോദരന്മാരും ചേർന്നുള്ള ഒരാഘോഷമാണ് ഈ ഗാനത്തിന്റെ സന്ദർഭം.
ഗിരീഷ് പുത്തഞ്ചേരി രചിച്ച്, മോഹൻ സിതാര ഈണമിട്ട് എം.ജി. ശ്രീകുമാറും സംഘവും പാടിയ മാനത്തെ മണിത്തുമ്പ മുട്ടിൽ മേട സൂര്യനോ....നിറനാഴിപ്പൊന്നിൻ മാണിക്യ തിരിത്തുമ്പു നീട്ടി പൊൻവെയിൽ എന്ന ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
രഞ്ജിത്തിന്റെ തിരക്കഥയിൽ 2000-ത്തിലാണ് വല്യേട്ടൻ പുറത്തിറങ്ങിയത്. അറയ്ക്കൽ തറവാട്ടിൽ നടക്കുന്ന സംഭവവികാസങ്ങളാണ് സിനിമ പറയുന്നത്.
സിദ്ദിഖ്, മനോജ് കെ ജയൻ, സുധീഷ്, സായ്കുമാർ, ശോഭന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങൾ. അമ്പലക്കര ഫിലിംസിന്റെ ബാനറിൽ ബൈജു അമ്പലക്കരയും, അനിൽ അമ്പലക്കരയും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. 4K ഡോൾബി അറ്റ്മോസ് സിസ്റ്റത്തിൽ അവതരിപ്പിക്കുന്നത് മാറ്റിനി നൗ എന്ന കമ്പിനിയാണ്. ചിത്രം സെപ്റ്റംബർ അവസാനവാരം പ്രദർശനത്തിനെത്തും. പിആർഒ-വാഴൂർ ജോസ്.