റാംബോ കഥയുമായി ഷെബി ചൗഘട്ട്; ഗ്യാംഗ്സ് ഓഫ് സുകുമാരക്കുറുപ്പ് റിലീസിംഗ് ട്രെയിലർ
Friday, September 13, 2024 3:26 PM IST
ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്യാംഗ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന ചിത്രത്തിന്റെ റിലീസിംഗ് ട്രെയിലർ പുറത്തിറക്കി. ഒരു കാലത്ത് പ്രതാപിയായ റൗഡി സുകുമാരക്കുറുപ്പും ഒപ്പം നാലഞ്ചു പിള്ളേരും ചേർന്നു നടത്തുന്ന കാര്യങ്ങൾ എന്തൊക്കെയാണ്? ഏറെ കൗതുകകരമായ മുഹൂർത്തങ്ങൾ കോർത്തിണക്കി മുഴുനീള ഫൺ ത്രില്ലർ സിനിമയായിട്ടാണ് ഈ ചിത്രത്തിന്റെ അവതരണം.
ചിരിയും ചിന്തയും നൽകുന്ന ഈ ചിത്രം ഈ ഓണക്കാലത്തിന് ആസ്വദിക്കുവാൻ പറ്റുന്ന ക്ലീൻ എന്റർടൈനർ ആയിരിക്കും.സുകുമാരക്കുറുപ്പ് എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അബു സലിമാണ്.
പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ടീസറും ഗാനങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഷാജി കൈലാസ് -ആനി ദമ്പതികളുടെ ഇളയമകൻ റുഷിൻ ഷാജി കൈലാസ് നായകനാകുന്നു. അബുസലിം, ജോണി ആന്റണി, ടിനി ടോം, ശ്രീജിത്ത് രവി, സുജിത് ശങ്കർ, സൂര്യ കൃഷ്, എബിൻ ബിനോ, ദിനേശ് പണിക്കർ, ഇനിയ, പൂജ മോഹൻരാജ് എന്നിങ്ങനെ നിരവധി താരങ്ങൾ അണിനിരക്കുന്നു.
സംവിധായകന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് വി.ആർ. ബാലഗോപാലാണ്. രജീഷ് രാമൻ ചായഗ്രഹണവും സുജിത് സഹദേവ് എഡിറ്റിംഗും നിർവഹിക്കുന്നു. പ്രോജക്ട് ഡിസൈനർ എസ് മുരുകൻ. പിആർഒ-വാഴൂർ ജോസ്.