"അമ്മ'യ്ക്ക് ബദലായി ട്രേഡ് യൂണിയന്; സംഘടനയിലെ വിമതനീക്കങ്ങളില്‍ താരങ്ങള്‍ക്കിടയില്‍ കടുത്ത അതൃപ്തി
Friday, September 13, 2024 12:18 PM IST
അമ്മയിലെ വിമത നീക്കങ്ങളില്‍ താരങ്ങള്‍ക്കിടയില്‍ കടുത്ത അതൃപ്തി. അമ്മയ്ക്ക് ബദലായി ട്രേഡ് യൂണിയന് രൂപീകരിക്കുന്നത് സംഘടനയുടെ തകര്‍ച്ചയിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തല്‍.
അതേസമയം, അമ്മ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തിയുള്ള 20 പേരാണ് ട്രേഡ് യൂണിയന് നീക്കങ്ങളിലേക്ക് കടന്നത്. 17 നടന്മാരും മൂന്ന് നടിമാരും ഫെഫ്കയെ സമീപിച്ചു. അഭിനേതാക്കളുടെ യൂണിയനായി ഫെഫ്കയില്‍ അഫിലേറ്റ് ചെയ്യാനാണ് നീക്കം.
കൂടുതല്‍ അഭിനേതാക്കളെ ഒപ്പം നിര്‍ത്തി ട്രേഡ് യൂണിയന് എന്ന ആശയം ശക്തമായി മുന്നോട്ടു കൊണ്ടുപോകാനാണ് ഇവരുടെ തീരുമാനം. അമ്മയുടെ പ്രവര്‍ത്തനരീതിയോട് ആഭിമുഖ്യമില്ലാത്തവരും തൊഴില്‍ നിഷേധം അടക്കമുള്ള വിഷയങ്ങളില്‍ ഇടപെടാത്ത സംഘടനാ രീതി മാറ്റണമെന്ന ആവശ്യമുള്ളവരുമാണ് പുതിയ സംഘടന രൂപീകരിക്കണമെന്ന അഭിപ്രായമുള്ളവര്‍.
അതുകൊണ്ടുതന്നേ അമ്മ സംഘടനയില്‍ തുടര്ന്നുകൊണ്ടാകുമോ ഇവര്‍ പുതിയ ട്രേഡ് യൂണിയന് രൂപീകരിക്കുകയെന്നത് കാത്തിരുന്ന് കാണേണ്ടിവരും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെയും തുടര്‍ന്നുണ്ടായ വിവാദങ്ങളുടെയും പശ്ചാത്തലത്തില്‍ ഭരണസമിതിയിലുണ്ടായ കൂട്ടരാജിയുടെ ഘട്ടത്തില്‍ തന്നെ അമ്മയിലെ ഭിന്നത പ്രകടമായിരുന്നു. അഞ്ഞൂറിലധികം അഭിനേതാക്കളാണ് അമ്മയില്‍ അംഗങ്ങളായുള്ളത്.
20 ലേറെ താരങ്ങള്‍ ട്രേഡ് യൂണിയന് രൂപീകരിക്കാന്‍ ഫെഫ്കയെ സമീപിച്ചെന്ന റിപ്പോര്‍ട്ട് ഇന്നലെ പുറത്തുവന്നിരുന്നു. ഫെഫ്കയുമായി ബന്ധപ്പെട്ട് 21 ട്രേഡ് യൂണിയനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സമാനമായി ട്രേഡ് യൂണിയന് രൂപീകരിക്കാനായി അമ്മയിലെ താരങ്ങള്‍ ഫെഫ്കയെ സമീപിച്ചെന്ന് ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന് സ്ഥിരീകരിച്ചിരുന്നു.
ഫെഫ്കയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള നീക്കം ഫെഫ്ക തുടക്കം തന്നെ തടഞ്ഞിരുന്നു. അതേസമയം, അമ്മ സംഘടനയുടെ നിലനില്‍പ്പ് ചോദ്യം ചെയ്യാത്ത തരത്തില്‍ ഔദ്യോഗിക ട്രേഡ് യൂണിയന് എന്ന ആശയം മുതിര്‍ന്ന താരങ്ങളും മുന്നോട്ടുവച്ചിട്ടുണ്ട്.
അതിനിടയുള്ള വിമത നീക്കങ്ങളെ എതിര്‍ക്കാനുള്ള ആലോചനകളാണ് ഔദ്യോഗികമായി നടക്കുന്നത്. ജനറല്‍ബോഡി ചേര്‍ന്ന് ഭൂരിഭാഗ അഭിപ്രായം കേട്ട ശേഷം ആയിരിക്കും തുടര്‍ നീക്കങ്ങളെന്നാണ് ലഭ്യമാകുന്ന വിവരം.