ഡബ്ല്യുസിസിക്കു മുമ്പ് പാർവതി ചെയ്തത് 11 സിനിമ, സംഘടനയിൽ വന്ന ശേഷവും 11 സിനിമകൾ: ബി. ഉണ്ണികൃഷ്ണൻ
Friday, September 13, 2024 11:32 AM IST
ഡബ്ല്യൂസിസി അംഗങ്ങളുടെ അവസരം ഇല്ലാതാക്കാന്‍ ഫെഫ്കയില്‍ ആരും ശ്രമിച്ചിട്ടില്ലെന്ന് സംവിധായകന് ബി.ഉണ്ണികൃഷ്ണന്. ഡബ്ല്യുസിസി അംഗമായ പാര്‍വതിയെ തങ്ങളുടെ പ്രൊജക്ടുകളിലേക്ക് ഫെഫ്കയിലുള്ള പല സംവിധായകരും വിളിച്ചിട്ടുണ്ടെന്നും അവരെ കിട്ടാറില്ലെന്നും ഉണ്ണികൃഷ്ണന് പറഞ്ഞു.
ഡബ്ല്യുസിസി അംഗങ്ങളെ തൊഴിലിൽ നിന്നും മാറ്റിനിർത്തുന്നു എന്ന പരാമർശം റിപ്പോർട്ടിലുണ്ട്. വളരെ ഗൗരവമായി ഞങ്ങൾ അത് പരിശോധിച്ചു. 21 യൂണിയനിലും ചർച്ച ചെയ്തു. ആരെങ്കിലും അങ്ങനെ ഒരു നിർദ്ദേശം കൊടുത്തോ എന്ന് പരിശോധിച്ചു. ഇതിൽ നിന്നും ഞങ്ങൾക്കു ലഭിച്ച വിവരങ്ങൾ പറയാം.
ഉദാഹരണമായി പാർവതി തിരുവോത്തിന്റെ കാര്യം, 2006-ൽ കരിയർ ആരംഭിച്ചത് മുതൽ 2018-ൽ ഡബ്ല്യുസിസി നിലവില്‍ വരുന്നതു വരെ 11 സിനിമകളിലും ഈ സംഘടന നിലവിൽ വന്ന ശേഷം 11 സിനിമകളിലും അഭിനയിച്ചു.
ഫെഫ്ക ആരുടെയും അവസരം ഇല്ലാതാക്കിയിട്ടില്ല. ഫെഫ്കയില്‍ തന്നെയുള്ള നിരവധി സഹപ്രവര്‍ത്തകര്‍ പാര്‍വതിയെ വച്ച് സിനിമ ചെയ്യാന്‍ സമീപിച്ചിട്ടുണ്ട്. പലപ്പോഴും അവരെ കിട്ടാറില്ല. കിട്ടിയാൽ തന്നെ, ആ തിരക്കഥ ചെയ്യണമെന്ന് അവര്‍ക്ക് തോന്നണം. ചിലപ്പോള്‍ പ്രതിഫലവും പ്രശ്നമാകും.
അങ്ങനെ പല കാര്യങ്ങളിൽ പാർവതി തിരുവോത്തുമൊത്തുള്ള ഒരുപാട് പ്രോജക്ടുകൾ നടക്കാതെ പോയിട്ടുണ്ട്. അതിന്റെ എല്ലാ വിവരങ്ങളും ഞങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഡയറക്ടേഴ്സ് യൂണിയനിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ് സംവിധായകൻ സജിൻ ബാബു.
അദ്ദേഹത്തിന്റെ റിലീസ് ചെയ്യാൻ പോകുന്ന സിനിമയിലെ നായിക റിമാ കല്ലിങ്കലാണ്. ഡബ്ല്യുസിസി അംഗങ്ങളെ മാറ്റി നിർത്തണമെന്ന നിലപാട് ഫെഫ്കയ്ക്ക് ഉണ്ടായിരുന്നുവെങ്കിൽ ഇത് സാധ്യമാകുമായിരുന്നോ.
15 അംഗ പവര്‍ ഗ്രൂപ്പ് ഉണ്ടെന്നാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത്. ആ 15 പേരുകളും പുറത്തുവിടണമെന്നാണ് ഫെഫ്ക ആവശ്യപ്പെടുന്നത്. എവിടെയൊക്കെയോ ഇരുന്ന് ചിലര്‍ സിനിമയെ നിയന്ത്രിക്കുന്നു എന്നാണ് പറയുന്നത്.
മാഫിയ, പവര്‍ ഗ്രൂപ്പ് എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ സാക്ഷികളില്‍ ചിലര്‍ മനഃപൂർവം ഉണ്ടാക്കിയ പ്രയോഗങ്ങള്‍ ആണ്. പവർ ഗ്രൂപ്പിലെ പേരുകള്‍ മാത്രമല്ല, അതിൽ ആരോപണവിധേയരായവരുടെ അടക്കമുള്ള എല്ലാവരുടെയും പേരുകൾ പുറത്തുവരണമെന്നാണ് ഫെഫ്ക ആഗ്രഹിക്കുന്നത്. ബി.ഉണ്ണികൃഷ്ണന് കൂട്ടിച്ചേര്‍ത്തു.