ഫ്രൈഡേ ഫിലിംസിന്റെ പടക്കളം; ചിത്രീകരണം അമൽ ജ്യോതി എഞ്ചിനിയറിംഗ് കോളജിൽ
Wednesday, September 11, 2024 3:22 PM IST
പഠനനിലവാരത്തിലും മറ്റു കലാകായിക രംഗങ്ങളിലും ഏറെ മികവു പുലർത്തി പോരുന്ന മധ്യതിരുവതാംകൂറിലെ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനമാണ് കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനിയറിംഗ് കോളജ്. ഈ ക്യാമ്പസ് പടക്കളം എന്ന ചിത്രത്തിന്റെ പ്രധാന പശ്ചാത്തലമാവുകയാണിപ്പോൾ. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു.
മലയാള സിനിമയിൽ വലിയ പുതുമകൾ സമ്മാനിച്ചു പോരുന്ന ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു, വിജയ് സുബ്രമണ്യം എന്നിവർ നിർമിക്കുന്ന ഈ ചിത്രം നവാഗതനായ മനു സ്വരാജാണ് സംവിധാനം ചെയ്യുന്നത്. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – വിനയ് ബാബു.
ബേസിൽ ജോസഫിനോടൊപ്പം സഹായിയായി പ്രവർത്തിക്കുകയും പ്രശസ്ത തിരക്കഥാകൃത്ത് ജസ്റ്റിൻ മാത്യുവിനോടൊപ്പം രചനയിലും സഹകരിച്ചു പോന്നതിനു ശേഷമാണ് മനുസ്വരാജ് ഇപ്പോൾ സ്വതന്ത്ര സംവിധായകനാകുന്നത്.
പുതിയ സംവിധായകരെ ഏറ്റവും കൂടുതൽ മലയാള സിനിമക്കു നൽകിയ ചലച്ചിത്ര നിർമാണ സ്ഥാപനമാണ് ഫ്രൈഡേ ഫിലിം ഹൗസ്. പൂർണമായും ഒരു ക്യാമ്പസ് ചിത്രമാണിത്. ചിത്രത്തിന്റെ മുക്കാൽഭാഗവും ക്യാമ്പസിനുള്ളിലാണ് ചിത്രീകരിക്കുന്നതെന്ന് നിർമാതാവ് വിജയ് ബാബു പറഞ്ഞു. രണ്ടു ഷെഡ്യൂളുകളിലായി എഴുപതു ദിവസം നീണ്ടുനിൽക്കുന്ന ചിത്രീകരണമാണ് ക്യാമ്പസിൽ മാത്രം ചിത്രീകരിക്കുന്നത്.
ഒരു എഞ്ചിനിയറിംഗ് കോളജിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്. ഒരു ക്യാമ്പസ് എന്നു കേൾക്കുമ്പോൾ പ്രേക്ഷകന്റെ മുന്നിലേയ്ക്ക് കടന്നു വരുന്ന പല മുൻവിധികളേയും തകിടം മറിക്കുന്ന ഒരു ചിത്രം കൂടിയായിരിക്കുമിതെന്നും വിജയ് ബാബു പറഞ്ഞു.
നാലായിരത്തോളം വരുന്ന കുട്ടികളെ അണിനിരത്തി വിശാലമായ ക്യാൻവാസിൽ വലിയ മുതൽമുടക്കിലാണ് ഈ ചിത്രത്തിന്റെ അവതരണം. സദ്ദീപ് പ്രദീപ് (ഫാലിമി ഫെയിം) സാഫ് ബോയ്,( വാഴ ഫെയിം), അരുൺ അജികുമാർ (ലിറ്റിൽ ഹാർട്ട്സ് ഫെയിം) യു ട്യൂബറായ അരുൺ പ്രദീപ്, നിരഞ്ജനാ അനൂപ് എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീൻ എന്നിവരും ഈ ചിത്രത്തിലെ നിർണയകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പൂജാ മോഹൻ രാജാണ് മറ്റൊരു പ്രധാന താരം. ഇവർക്കു പുറമേ നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ വേഷമിടുന്നു. തിരക്കഥ – നിതിൻസി.ബാബു, മനുസ്വരാജ്.
സംഗീതം – രാജേഷ് മുരുകേശൻ.(പ്രേമം ഫെയിം), ഛായാഗ്രഹണം – അനു മൂത്തേടത്ത്. എഡിറ്റിംഗ് – നിതിൻരാജ് ആരോൾ, പ്രൊഡക്ഷൻ ഡിസൈനർ – ഷാജി നടുവിൽ. കലാസംവിധാനം മഹേഷ് മോഹൻ. മേക്കപ്പ്- റോണക്സ് സേവ്യർ. കോസ്റ്റ്യും ഡിസൈൻ -സമീരാ സനീഷ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ – നിതിൻ മൈക്കിൾ. അസോസിയേറ്റ് ഡയറക്ടർ – ശരത് അനിൽ, ഫൈസൽ ഷാ, പ്രൊഡക്ഷൻ മാനേജർ – സെന്തിൽ കുവാർ പൂജപ്പുര. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ബിജു കടവൂർ. പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി. സുശീലൻ. പിആർഒ- വാഴൂർ ജോസ്. ഫോട്ടോ-വിഷ്ണു എസ്. രാജൻ.