ദിയ കൃഷ്ണ ഇനി അശ്വിന് സ്വന്തം; വിവാഹവീഡിയോ
Friday, September 6, 2024 9:01 AM IST
നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽമീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ വിവാഹിതായി. തിരുനെൽവേലി സ്വദേശി അശ്വിൻ ഗണേഷ് ആണ് വരൻ. ഇരുവരും രണ്ടുവർഷത്തോളമായി പ്രണയത്തിലായിരുന്നു.
തിരുവനന്തപുരത്തെ ആഡംബര ഹോട്ടലിൽ വച്ചായിരുന്നു വിവാഹം. സോഫ്റ്റ്വയർ എഞ്ചിനീയർ ആണ് അശ്വിൻ. അശ്വിന് തമിഴ്നാട് സ്വദേശിയാണെങ്കിലും വളർന്നത് തിരുവനന്തപുരത്താണ്. ദിയയുടെ സൗഹൃദവലയത്തിലെ ഒരാളായിരുന്നു അശ്വിൻ. ഈ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു.
അഹാനയും ഇഷാനിയും ഹൻസികയും അമ്മ സിന്ധു കൃഷ്ണയും അച്ഛൻ കൃഷ്ണകുമാറും പേസ്റ്റൽ നിറത്തിലുള്ള വസ്ത്രങ്ങളാണ് അണിഞ്ഞത്. കുടുംബത്തോട് വളരെ അടുത്ത അതിഥികൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. അശ്വിന്റെ കുടുംബത്തിൽ നിന്നും 30 പേർ മാത്രമാണ് ലളിതമായ വിവാഹത്തിൽ പങ്കെടുക്കാനെത്തിയത്.
സുരേഷ് ഗോപിയുടെ അഭാവത്തിൽ ഭാര്യ രാധിക, നിർമാതാവ് ജി. സുരേഷ് കുമാർ എന്നിവർ സിനിമ മേഖലയിൽ നിന്നും പങ്കെടുത്തു.
മകളുടെ കല്യാണം കഴിഞ്ഞതിൽ അതിയായ സന്തോഷമെന്നാണ് കൃഷ്ണ കുമാർ പറഞ്ഞത്. ഇനി ആഘോഷങ്ങൾ ഒന്നുമില്ലെന്നും കോവിഡ് നമ്മളെ പഠിപ്പിച്ചതുപോലെ ചെറിയൊരു വിവാഹമാണ് നമുക്ക് ഇനി വേണ്ടതെന്നും കൃഷ്ണകുമാർ പറഞ്ഞു.
വിവാഹശേഷം തിരുവനന്തപുരത്തു തന്നെ വാടകയ്ക്കെടുത്ത ഫ്ലാറ്റിലായിരിക്കും ദിയയും ആശ്വിനും താമസിക്കുക. കൃഷ്ണകുമാർ സിന്ധു ദമ്പതികളുടെ രണ്ടാമത്തെ മകളാണ് ദിയ കൃഷ്ണ.