അമ്മയ്ക്ക് നട്ടെല്ലും തലയുമില്ല; കൂട്ടരാജി നിരുത്തരവാദിത്തപരം: പത്മപ്രിയ
Tuesday, September 3, 2024 10:22 AM IST
താരസംഘടനായ അമ്മയിലെ കൂട്ടരാജി നിരുത്തരവാദപരമായ നടപടിയാണെന്നും സംഘടനയ്ക്ക് നട്ടെല്ലും തലയുമില്ലെന്നും നടി പത്മപ്രിയ. രാജി എന്ത് ധാർമികതയുടെ പേരിലാണെന്നും സിനിമയിൽ ഒരു പവർഗ്രൂപ്പ് ഉണ്ടെന്നും ഹേമ കമ്മിറ്റി റിപ്പോർട്ട് നാലര വർഷം പുറത്ത് വിടാതിരുന്നതിന് സർക്കാർ മറുപടി പറയണമെന്നും പത്മപ്രിയ തുറന്നടിച്ചു.
അമ്മയിലെ കൂട്ടരാജി പ്രതീക്ഷിച്ചിരുന്നില്ല. എന്ത് ധാർമികത ഉയർത്തിയാണ് രാജിയെന്ന് മനസിലാവുന്നില്ല. ആരെല്ലാം നിഷേധിച്ചാലും സിനിമയിൽ പവർ ഗ്രൂപ്പുണ്ട്. വെറുമൊരു ലൈംഗികാരോപണം എന്ന നിലയിലാണ് ഇപ്പോഴത്തെ സംഭവങ്ങളെ സിനിമാ സംഘടനകൾ കാണുന്നത്. അധികാര ശ്രേണി ഉള്ളതുകൊണ്ടാണ് ലൈംഗികാതിക്രമം നടക്കുന്നത്. അക്കാര്യം ആരും പരിഗണനയ്ക്ക് എടുക്കുന്നില്ലെന്ന് പത്മപ്രിയ വിമർശിച്ചു.
സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ച് ഒന്നുമറിയില്ലെന്ന സൂപ്പർ താരങ്ങളുടെ പ്രതികരണത്തിൽ നിരാശയുണ്ടെന്നും ഒന്നുമറിയില്ലെങ്കിൽ എല്ലാമറിയാനുള്ള ശ്രമം നടത്തട്ടെയെന്നും പത്മപ്രിയ പറഞ്ഞു. ഡബ്ല്യുസിസി അംഗങ്ങൾ പോയി കണ്ടതിന് പിന്നാലെ മുഖ്യമന്ത്രി ഹേമ കമ്മിറ്റിയെ നിയോഗിച്ചു എന്നത് വലിയ കാര്യമാണ്.
എന്നാൽ എന്തുകൊണ്ടാണ് നാലര വർഷം റിപ്പോർട്ട് പുറത്ത് വിടാതിരുന്നത് എന്നത് സർക്കാർ വിശദീകരിക്കണം. അതിനുശേഷം സർക്കാർ ചെയ്തത് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുക എന്നത് മാത്രമാണ്. അത് പൂർണ പരിഹാരമല്ലെന്നും പത്മപ്രിയ പറഞ്ഞു.