രജനികാന്തിനൊപ്പം ലോകേഷ് കനകരാജ് ചിത്രത്തിൽ സൗബിൻ ഷാഹിറും
Thursday, August 29, 2024 9:16 AM IST
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘കൂലി’യിൽ സൗബിൻ ഷാഹിറും അഭിനയിക്കുന്നു. ദയാൽ എന്ന കഥാപാത്രത്തെയാണ് സൗബിൻ അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തിറക്കി.
സിഗരറ്റ് കടിച്ചുപിടിച്ച് കയ്യിലെ സ്വർണവാച്ചിലേക്ക് രൂക്ഷമായി നോക്കുന്ന സൗബിനെയാണ് പോസ്റ്ററിൽ കാണാനാവുക. സൗബിനെ കൂലിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ലോകേഷ് കനകരാജും ക്യാരക്ടർ ലുക്ക് പങ്കുവച്ചു.
മഞ്ഞുമ്മൽ ബോയ്സ്’ സിനിമയിലെ കുട്ടേട്ടൻ എന്ന കഥാപാത്രത്തിലൂടെ തമിഴ് ആരാധകർക്കിടയിൽ സൗബിൻ ഷാഹിർ വലിയ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു.