‘റോഷാക്ക്’ സംവിധായകന്റെ ചിത്രത്തിൽ നായകനായി പൃഥ്വിരാജ്; നിർമാണം സുപ്രിയ
Wednesday, August 28, 2024 12:39 PM IST
മമ്മൂട്ടി ചിത്രം ‘റോഷാക്കി’നു ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജ് നായകനാകുന്നു. 'നോബഡി' എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ഗുരുവായൂരമ്പലനടയിൽ എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിൽ വച്ചാണ് ചിത്രത്തിന്റെ ടൈറ്റിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഇ4 എന്റർടെയ്ൻമെന്റ്സും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് നിര്‍മാണം. സമീർ അബ്ദുൾ തിരക്കഥ ഒരുക്കുന്നു. ആസിഫ് അലി നായകനായ കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രമായിരുന്നു നിസാം ബഷീറിന്റെ ആദ്യ സംവിധാനം.
ഇബിലീസ്, റോഷാക്ക്, അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ എന്നീ സിനിമകൾക്ക് തിരക്കഥയൊരുക്കിയ ആളാണ് സമീർ അബ്ദുൾ. ചിത്രത്തിലെ മറ്റു താരങ്ങളുടെ വിവരങ്ങളോ അണിയറപ്രവർത്തകരെ കുറിച്ചുള്ള വിവരങ്ങളോ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല.