മുകേഷിനോ ജയസൂര്യയ്ക്കോ ഞാൻ പറഞ്ഞത് നിഷേധിക്കാനാവില്ല; നിയമനടപടിയുമായി മിനു മുനീർ
Tuesday, August 27, 2024 10:56 AM IST
ജയസൂര്യ, മുകേഷ് അടക്കമുള്ള താരങ്ങൾക്കും സിനിമ അണിയറപ്രവർത്തകർക്കുമെതിരെ ലൈംഗികആരോപണങ്ങളുമായെത്തിയ നടി മിനു മുനീർ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി. താൻ പറഞ്ഞ കാര്യങ്ങളൊന്നും മുകേഷിനോ ജയസൂര്യയ്ക്കോ നിഷേധിക്കാൻ സാധിക്കില്ലെന്നും ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നത് എല്ലാം തുറന്നുപറയാൻ ആത്മവിശ്വാസം നൽകിയെന്നും മിനു പറയുന്നു.
ഏതെങ്കിലും സ്ത്രീകൾ ആക്രമിക്കപ്പെട്ടുവെങ്കിൽ ധൈര്യമായി മുന്നോട്ടുവന്ന് പരാതി പറയാമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ കേട്ടപ്പോൾ ആത്മവിശ്വാസം തോന്നിയെന്നും മിനു പറഞ്ഞു.
വെളിപ്പെടുത്തലിന് ശേഷം കുറേ മിസ് കോളുകൾ വന്നു. അറിയാത്ത നമ്പറുകളാണ്. ഇതുവരെ കോളെടുത്തിട്ടില്ല. സമ്മർദ്ദമൊന്നുമുണ്ടാവാൻ സാധ്യതയില്ല. എനിക്ക് നേരെ ആക്രമണമുണ്ടായത് എല്ലാവരും അറിയാൻ തന്നെയാണ് ഫേസ് ബുക്കിലിട്ടത്. കേസ് എന്തായെന്ന് ഇനി നിങ്ങൾ മാധ്യമങ്ങൾ തന്നെ ചോദിക്കും. എനിക്ക് നീതി കിട്ടണം. അവസാനം സത്യമേ ജയിക്കൂ. എത്രനാൾ സത്യം മൂടിവെയ്ക്കാൻ കഴിയും?
മുകേഷായാലും ജയസൂര്യയായാലും താൻ ചെയ്തില്ല എന്ന് അവർക്ക് എന്റെ മുന്നിൽ വന്ന് പറയാൻ കഴിയില്ല. പറഞ്ഞത് സത്യമായതുകൊണ്ടാണ് ഞാൻ ആർജവത്തോടെ നിൽക്കുന്നത്. ജനങ്ങളെന്ത് പറയുന്നുവെന്ന് കാര്യമാക്കുന്നില്ല. കോടതിയിലാണ് നീതി കിട്ടേണ്ടത്. മിനു പറഞ്ഞു.
മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു എന്നിവർക്കെതിരെയും രണ്ട് പ്രൊഡക്ഷൻ കൺട്രോളർമാർക്കെതിരെയും ലോയേഴ്സ് കോൺഗ്രസ് നേതാവ് ചന്ദ്രശേഖരനെതിരെയുമാണ് മിനു പരാതി നൽകുക.
'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന സിനിമയുടെ സെറ്റിലായിരുന്നു ജയസൂര്യയുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമുണ്ടായത്. അപ്രതീക്ഷിതമായി പിന്നിൽനിന്ന് കെട്ടിപ്പിടിച്ചശേഷമാണ് ചുംബിച്ചെന്നാണ് ജയസൂര്യയ്ക്കെതിരെയുള്ള ആരോപണം.
കലണ്ടർ സിനിമ ചിത്രീകരണത്തിനിടെ ഹോട്ടലിൽ വെച്ച് മുകേഷ് കടന്നുപിടിച്ചത്. താൻ എതിർത്തതിന്റെ പേരിൽ അമ്മയിലെ അംഗത്വ അപേക്ഷ മുകേഷ് ഇടപെട്ട് തള്ളിയെന്നും അവർ ആരോപിക്കുന്നു. മണിയൻപിള്ള രാജുവും ഇടവേള ബാബുവും ലൈംഗിക ചുവയോടെ സംസാരിച്ചെന്നും മിനുവിന്റെ ആരോപണത്തിലുണ്ട്.