ഹൽദി ആഘോഷമാക്കി അപർണ ദാസ്; വീഡിയോ
Tuesday, April 23, 2024 9:56 AM IST
വിവാഹത്തിനോടനുബന്ധിച്ചുള്ള ഹൽദി ചടങ്ങ് ആഘോഷമാക്കി നടി അപർണ ദാസ്. നടൻ ദീപക് പറന്പോലുമായുള്ള അപർണയുടെ വിവാഹം ബുധനാഴ്ചയാണ് നടക്കുക. ഇതിനോടനുബന്ധിച്ചാണ് ഹൽദി ചടങ്ങുകൾ നടത്തിയത്.
കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ഹൽദിയില്‍ പങ്കെടുത്തത്. ആഘോഷത്തിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാം പേജിലൂടെ നടി പങ്കുവച്ചു.
ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് അപർണയും ദീപക്കും ഒന്നിക്കുന്നത്. വടക്കാഞ്ചേരിയിൽ വച്ചാണ് ഏപ്രിൽ 24ന് വിവാഹം നടക്കുക.
ഞാന്‍ പ്രകാശന് എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ അപര്‍ണ, മനോഹരം എന്ന സിനിമയിലൂടെയാണ് ശ്രദ്ധ നേടുന്നത്. ഈ ചിത്രത്തില്‍ അപര്‍ണയ്ക്കൊപ്പം ദീപക് പറമ്പോലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
ബീസ്റ്റ് എന്ന വിജയ് ചിത്രത്തിൽ തമിഴകത്ത് അരങ്ങേറിയ അപർണ കഴിഞ്ഞ വർഷം റിലീസ് ചെയ്ത ‘ഡാഡ’ എന്ന തമിഴ് ചിത്രത്തിൽ നായികയായി മികച്ച പ്രകടനത്തിലൂടെ കയ്യടി നേടിയിരുന്നു.
‘ആദികേശവ’യിലൂടെ കഴിഞ്ഞ വർഷം തന്നെ തെലുങ്കിലും അരങ്ങേറ്റം. സീക്രട്ട് ഹോം ആണ് അവസാനം റിലീസിനെത്തിയ സിനിമ.
മാളികപ്പുറം ടീം ഒന്നിക്കുന്ന ആനന്ദ് ശ്രീബാലയാണ് പുതിയ പ്രോജക്ട്. മാളികപ്പുറം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള തിരക്കഥയൊരുക്കി വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അപർണയും അർജുൻ അശോകനുമാണ് പ്രധാന വേഷത്തിലെത്തുന്നത്.