ഔദ്യോഗികമായി വേർപിരിയുന്നു! വിവാഹമോചന ഹർജി ഫയൽ ചെയ്ത് ധനുഷും ഐശ്വര്യയും
Tuesday, April 9, 2024 9:55 AM IST
ചെന്നൈ കുടുംബ കോടതിയില്‍ വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ച് നടൻ ധനുഷും സംവിധായിക ഐശ്വര്യ രജനികാന്തും. പരസ്പര സമ്മതത്തോടെ സെക്ഷന്‍ 13 ബി പ്രകാരമുള്ള വിവാഹമോചന ഹർജിയാണ് ഫയൽ ചെയ്തിരിക്കുന്നത്.
2022 ജനുവരിയിലാണ് ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെ വിവാഹബന്ധം അവസാനിപ്പിക്കുകയാണെന്ന് അറിയിക്കുന്നത്. രണ്ട് വര്‍ഷമായി വേര്‍പിരിഞ്ഞ് താമസിക്കുകയാണ് ഇരുവരും.
ഇതിന് പിന്നാലെയാണ് വിവാഹമോചന ഹര്‍ജി സമര്‍പ്പിക്കുന്നത്. ഹര്‍ജി ഉടന്‍ പരിഗണിക്കും എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.
ആറു മാസം നീണ്ട പ്രണയത്തിനൊടുവിൽ 2004 നവംബർ 18 നായിരുന്നു ധനുഷും ഐശ്വര്യയും വിവാഹിതരായത്. വിവാഹിതനാകുമ്പോൾ ധനുഷിന് 21 വയസും ഐശ്വര്യയ്ക്ക് 23 വയസുമായിരുന്നു പ്രായം. യാത്രയും ലിംഗയുമാണ് ഇവരുടെ മക്കള്‍.
സംവിധായികയെന്ന നിലയിൽ ധനുഷിനെ നായകനാക്കി ഐശ്വര്യ സംവിധാനം ചെയ്ത ത്രീ വൻ ഹിറ്റായിരുന്നു.
‘‘സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും 18 വർഷം ഒരുമിച്ചു കഴിഞ്ഞു. വളരാനും, മനസിലാക്കാനും, പൊരുത്തപ്പെടാനും ശ്രമിച്ച യാത്രയായിരുന്നു. ഇന്ന് വഴികള്‍ വേര്‍പിരിയുന്ന ഇടത്താണ് ഞങ്ങള്‍ നില്‍ക്കുന്നത്.
ഐശ്വര്യയും ഞാനും ദമ്പതികളെന്ന നിലയിൽ വേർപിരിയാനും വ്യക്തികളെന്ന നിലയിൽ പരസ്പരം മനസിലാക്കാൻ ശ്രമിക്കാനും തീരുമാനിച്ചു’’. എന്നാണ് വേർപിരിയൽ വാർത്ത പങ്കുവച്ച് ധനുഷ് അന്ന് എക്സില്‍ കുറിച്ചത്.