100 കോടിയും കടന്ന ആടുജീവിതം മുന്നോട്ട്
Monday, April 8, 2024 7:10 PM IST
അതിവേഗം 100 കോടി നേടുന്ന മലയാളം സിനിമ എന്ന റിക്കോർഡ് ആടുജീവിതം നേടി. റിലീസ് ചെയ്ത് ഒൻപതാം ദിവസമാണ് ചിത്രം ബ്ലെസി-പൃഥ്വിരാജ് ചിത്രം 100 കോടി കളക്ഷൻ നേടിയത്. ചിത്രം മികച്ച അഭിപ്രായം നേടി നിറഞ്ഞ സദസുകളിൽ പ്രദർശനം തുടരുകയാണ്.
ഈ വർഷം 100 കോടി കളക്ഷൻ പിന്നിടുന്ന മൂന്നാമത്തെ മലയാളം സിനിമയാണിത്. പ്രേമലു, മഞ്ഞുമ്മൽ ബോയ്സ് എന്നീ ചിത്രങ്ങളും ബോക്സ് ഓഫീസിൽ 100 കോടി പിന്നിട്ടിരുന്നു.
മറ്റ് ഭാഷാ ചിത്രങ്ങളെ അഡ്വാൻസ് ബുക്കിംഗിലും ആടുജീവിതം പിന്നിലാക്കി. ഗൾഫ് രാജ്യങ്ങളിലും ചിത്രത്തിന് മികച്ച വരവേല്പാണ് ലഭിച്ചത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങിയിരുന്നു.
ബെന്യാമിന്റെ ആടുജീവിതം എന്ന ഹിറ്റ് നോവലിനെ ആസ്പദമാക്കി ബ്ലെസി ഒരുക്കിയ ചിത്രത്തിന് മികച്ച നിരൂപക പ്രശംസയും ലഭിക്കുന്നുണ്ട്. പൃഥ്വിരാജ് ഉൾപ്പടെയുള്ള ചിത്രത്തിലെ താരങ്ങളുടെ പ്രകടനവും വലിയ തോതിൽ പ്രശംസ നേടി.
സംവിധാനം ചെയ്ത ചിത്രവും നായകനായി എത്തിയ ചിത്രവും 100 കോടി ക്ലബിൽ ഇടം പിടിച്ചുവെന്ന അപൂർവ റിക്കോർഡും പൃഥ്വിരാജ് സ്വന്തമാക്കി. പൃഥ്വി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ലൂസിഫർ 100 കോടി പിന്നിട്ട് കളക്ഷൻ സ്വന്തമാക്കിയിരുന്നു.