കമൽഹാസനൊപ്പം മഞ്ഞുമ്മൽ ബോയ്സ്; ആഗ്രഹസഫലീകരണമെന്ന് ചിദംബരം
Thursday, February 29, 2024 10:26 AM IST
മഞ്ഞുമ്മൽ ബോയ്സ് ടീമിനെ നേരിട്ട് കണ്ട് അഭിനന്ദിച്ച് ഉലകനായകൻ കമൽഹാസൻ. ചെന്നൈയിൽ വച്ചായിരുന്നു കമൽഹാസന്റെയും മഞ്ഞുമ്മൽ അണിയറപ്രവർത്തകരുടെയും കൂടിക്കാഴ്ച. കമൽഹാസനു വേണ്ടി പ്രത്യേക പ്രിമിയർ ഷോയും സംഘടിപ്പിച്ചിരുന്നു. ‘ഗുണ’ സംവിധായകൻ സന്താനഭാരതിയും പ്രിമിയർ കാണാൻ എത്തിയിരുന്നു.
ചിത്രത്തിലെ ഗുണ കേവ് (ഡെവിൾസ് കിച്ചൺ) പ്രശസ്തമായത് കമൽഹാസൻ ചിത്രം ഗുണയിലൂടെയായിരുന്നു. ചിത്രം ഇറങ്ങിയതിന് ശേഷമാണ് ഡെവിൾസ് കിച്ചൺ അഥവാ ചെകുത്താന്റെ അടുക്കളയ്ക്ക് ഗുണ കേവ് എന്നു പേര് വന്നത്.
ചിത്രത്തിലെ കൺമണി അൻപോട് കാതലെൻ ഗാനത്തിലെ പ്രധാനഭാഗം മഞ്ഞുമ്മൽ ബോയ്സിൽ ഉപയോഗിച്ചിട്ടുണ്ട്.
ജീവിതത്തിലും കമൽഹാസന്റെ കടുത്ത ആരാധകനാണ് മഞ്ഞുമ്മൽ സംവിധായകൻ ചിദംബരം. അദ്ദേഹത്തിന്റെ സിനിമകളാണ് തന്നെ സ്വാധീച്ചിട്ടുള്ളതെന്നും മഞ്ഞുമ്മൽ സിനിമയിലൂടെയെങ്കിലും കമൽഹാസനെ നേരിട്ടു കാണാൻ പറ്റിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിരുന്നെന്നും ചിദംബരം പറഞ്ഞിരുന്നു.
ഇതാണ് സിനിമയുടെ ഫൈനൽ ക്ലൈമാക്സ് എന്നായിരുന്നു കമൽഹാസനൊപ്പമുള്ള ചിത്രം പങ്കുവച്ച് സംവിധായകൻ ചിദംബരം സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.
‘‘ഓരോ കഥകൾക്കും കോരിത്തരിപ്പിക്കുന്ന ക്ലൈമാക്സുകൾ ഉണ്ടാകും. ഉലകനായകൻ കമൽ സാറിനും ‘ഗുണ’ സംവിധായകൻ സന്താനഭാരതി സാറിനും ഒപ്പം പ്രിയപ്പെട്ട ചിദംബരം. മഞ്ഞുമ്മൽ സിനിമ കണ്ടയുടൻ ചെന്നൈയിലേക്ക് വിളിപ്പിച്ചു, സന്തോഷം നേരിൽ അറിയിച്ചു.
മഞ്ഞുമ്മൽ സിനിമയെപ്പറ്റിയും ഗുണ ഷൂട്ടിംഗ് കാലത്തിലെ ഒരുപാട് കാര്യങ്ങളും ഞങ്ങൾക്കൊപ്പം ഒരു മണിക്കൂർ നേരം പങ്കുവെച്ചു. വളരെ വളരെ സന്തോഷം. കലാസംവിധായകൻ അജയൻ ചാലിശേരിയുടെ വാക്കുകൾ ഇങ്ങനെ.
2006 ല്‍ കൊടെക്കനാലിലെ ഗുണകേവില്‍ അകപ്പെട്ടുപോയ സുഹൃത്തിനെ രക്ഷിച്ച എറണാകുളം മഞ്ഞുമ്മലില്‍ നിന്നും പോയ യുവാക്കളുടെ യഥാർഥ അനുഭവം ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. ജാന്‍ എ മനിന് ശേഷം ചിദംബരം സംവിധാനംചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.
സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ഖാലിദ് റഹ്മാൻ, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, വിഷ്ണു രഘു, അരുൺ കുര്യൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.