ഞാൻ അപമാനിതനായി, നിയമനടപടി സ്വീകരിക്കും; ഫറൂഖ് കോളജിനെതിരേ ജിയോ ബേബി
Wednesday, December 6, 2023 3:17 PM IST
കോളജ് പരിപാടിക്ക് അതിഥിയായി വിളിച്ച ശേഷം പരിപാടി റദ്ദ് ചെയ്തതിൽ പ്രതിഷേധം അറിയിച്ച് സംവിധായകൻ ജിയോ ബേബി. കോഴിക്കോട് ഫറൂഖ് കോളജിനെതിരേയാണ് സംവിധായകന്റെ പ്രതിഷേധം.
പരിപാടിക്കായി കോഴിക്കോട് എത്തിയതിന് ശേഷമാണ് റദ്ദാക്കിയ വിവരം താൻ അറിഞ്ഞതെന്നും ഇതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ജിയോ ബേബി പറയുന്നു. സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോയിലാണ് ജിയോ ബേബി ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.
നമസ്കാരം, എനിക്കുണ്ടായ ഒരു മോശം അനുഭവത്തെക്കുറിച്ച് സംസാരിക്കാനാണ് ഞാനിവിടെ വന്നത്. ഡിസംബർ അഞ്ചിന് ഫാറൂഖ് കോളജ് ഫിലിം ക്ലബ്ബ് സംഘടിപ്പിക്കുന്ന സബ്ടില് പൊളിറ്റിക്സ് ഓഫ് പ്രസന്റ് ഡേ മലയാള സിനിമ എന്ന വിഷയവുമായി ബന്ധപ്പെട്ട് എന്നെ അവർ ക്ഷണിച്ചിരുന്നു.
അതനുസരിച്ച് അഞ്ചാം തിയതി രാവിലെ ഞാൻ കോഴിക്കോടെത്തി. ഇവിടെ എത്തിയ ശേഷമാണ് ഞാൻ അറിയുന്നത്, ഈ പരിപാടി കാൻസൽ ചെയ്തുവെന്നത്.
ഇത് കോഡിനേറ്റ് ചെയ്യുന്ന ടീച്ചറാണ് എന്നെ വിളിച്ച് ഇക്കാര്യം പറഞ്ഞത്. അവർക്കും വളരെ വേദനയുണ്ടായി. പക്ഷേ എന്താണ് കാരണം എന്നു ചോദിക്കുമ്പോൾ വ്യക്തമായൊരു കാരണം അവരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല.
സോഷ്യല്‍മീഡിയയിൽ പോസ്റ്റർ വരെ റിലീസ് ചെയ്ത ഈ പരിപാടി പെട്ടന്നു മാറ്റി വയ്ക്കാൻ കാരണമെന്തെന്ന് അറിയാൻ കോളജ് പ്രിൻസിപ്പാളിന് ഞാനൊരു മെയിൽ അയച്ചു, വാട്ട്സാപ്പിലും ബന്ധപ്പെട്ടു. എന്താണ് എന്നെ മാറ്റി നിർത്തുവാനും ഈ പരിപാടി കാൻസൽ ചെയ്യുവാനുമുള്ള കാരണമെന്നായിരുന്നു ചോദ്യം.
പക്ഷേ ഇതുവരെ മറുപടിയില്ല. അതിനു ശേഷം ഫറൂഖ് കോളജിലെ സ്റ്റുഡന്റ്സ് യൂണിയന്റെ ഒരു കത്ത് ഈ വിഷയത്തിൽ എനിക്ക് ലഭിക്കുകയുണ്ടായി. അത് ഫോർവേർഡ് ചെയ്ത് എനിക്ക് കിട്ടിയതാണ്.
ഫറൂഖ് കോളജിൽ പ്രവർത്തിച്ചു വരുന്ന ഫിലിം ക്ലബ്ബുമായി ബന്ധപ്പെട്ട് നാളെ 5.12.2023ന് എത്തിച്ചേരുന്ന ഉദ്ഘാടകന്റെ പരാമർശങ്ങൾ കോളജിന്റെ ധാർമിക മൂല്യങ്ങൾക്കെതിരാണ്. അതിനാൽ പ്രസ്തുത പരിപാടിയുമായി ഫറൂഖ് കോളജ് വിദ്യാർഥി യൂണിയൻ സഹകരിക്കുന്നതല്ല.
എന്റെ ധാര്‍മിക മൂല്യങ്ങളാണ് പ്രശ്നമെന്നാണ് സ്റ്റുഡന്റസ് യൂണിയൻ പറയുന്നത്. മാനേജ്മെന്റ് എന്തിനാണ് ആ പരിപാടി കാൻസൽ ചെയ്തതെന്ന് കൂടി എനിക്കിനി അറിയേണ്ടതുണ്ട്. കോഴിക്കോട് വന്ന് തിരിച്ചുവരണമെങ്കിൽ ഒരു ദിവസം വേണം. ഇത്രയും ഞാൻ യാത്ര ചെയ്തിട്ടുണ്ട്, അതിനേക്കാളൊക്കെ ഉപരിയായി ഞാൻ അപമാനിതനായിട്ടുണ്ട്.
അതിനൊക്കെയുള്ള ഉത്തരം എനിക്ക് കിട്ടണം. അതേപോലെ ഈ വിഷയവുമായി ബന്ധപ്പെട്ട് നിയമപരമായ നടപടിയും ഞാൻ സ്വീകരിക്കുന്നതായിരിക്കും. ഇത്തരത്തിൽ ഒരു പ്രതിഷേധം ചെയ്തില്ലെങ്കിൽ ശരിയല്ല എന്നു തോന്നിയതുകൊണ്ടാണ്.
നാളെ ഇത്തരം അനുഭവം മറ്റാർക്കും ഉണ്ടാകാതിരിക്കാനാണ് ഞാൻ പ്രതിഷേധിക്കുന്നത്. ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അല്ലെങ്കിൽ വിദ്യാർഥി യൂണിയനുകൾ എന്തുതരം ആശയമാണ് മുന്നോട്ടുവയ്ക്കുന്നതെന്നും എനിക്ക് അറിയേണ്ടതുണ്ട്. ജിയോ ബേബി പറഞ്ഞു.
നിരവധി പേരാണ് സംവിധായകന്റെ പ്രതിഷേധത്തെ അനുകൂലിച്ചുകൊണ്ട് എത്തുന്നത്. നടി മാലാ പാർവതിയും ജിയോയെ അനുകൂലിച്ച് കമന്റുമായെത്തി.
പ്രതിഷേധത്തോട് ഒപ്പം നിൽക്കുന്നു. പുരോഗമന ആശയങ്ങൾക്കൊപ്പം നിൽക്കുന്ന, സമൂഹത്തെ മുന്നോട്ട് നയിക്കുന നല്ല രാഷ്ട്രീയം മുന്നോട്ട് വയ്ക്കുന്ന ജിയോ ബേബി. ഇന്ത്യയിലെ തന്നെ മികച്ച സിനിമാ സംവിധായകനാണ്. അദ്ദേഹത്തിന്റെ ധാർമിക നിലപാടുകളുടെ പ്രശ്നം എന്താണ് എന്ന് ഫാറൂഖ് കോളേജിലെ വിദ്യാർഥി യൂണിയൻ വ്യക്തമാക്കണം. ജിയോ ബേബിയോടൊപ്പം എന്നാണ് അവർ കുറിച്ചത്.