ചെന്നൈ വെള്ളപ്പൊക്കത്തിൽ കുടുങ്ങി ആമിർ ഖാനും വിഷ്ണു വിശാലും; രക്ഷപ്പെടുത്തി റെസ്ക്യു ടീം.
Wednesday, December 6, 2023 9:37 AM IST
ചെന്നൈ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ നടൻ ആമിർ ഖാനെയും വിഷ്ണു വിശാലിനെയും രക്ഷപ്പെടുത്തി ഫയർ ആൻഡ് റെസ്ക്യു ടീം. അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആമിർ ഖാൻ ഇപ്പോൾ ചെന്നൈ കരപ്പക്കത്ത് ആണ് താമസം. താരം താമസിക്കുന്നിടത്തും വെള്ളം കയറിയതോടെയാണ് ബോട്ടിലെത്തി റെസ്ക്യു സംഘം രക്ഷിച്ചത്.
വിശാലിനെയും ഇതേ ബോട്ടിൽ തന്നെയാണ് റസ്ക്യു സംഘമെത്തി രക്ഷിച്ചത്. വിഷ്ണുവിന്റെ ഭാര്യ ജ്വാല ഗുട്ടയെയും ചിത്രത്തിൽ കാണാം.
കരപ്പക്കത്തെ വീട്ടിൽ വെള്ളം കയറുന്നതിന്റെ ദൃശ്യങ്ങളടക്കം ചൊവ്വാഴ്ച വിശാൽ പങ്കുവച്ചിരുന്നു. കുടുങ്ങി കിടക്കുകയാണെന്നും രക്ഷിക്കണമെന്നും സമൂഹമാധ്യമത്തിലൂടെ അഭ്യർഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രക്ഷാസേന എത്തിയത്.
ഒറ്റപ്പെട്ടുപോയ ഞങ്ങളെപ്പോലുള്ളവരെ സഹായിച്ച ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്മെന്റിന് നന്ദി. കാരപ്പാക്കത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചു.
ഇതിനകം മൂന്ന് ബോട്ടുകൾ പ്രവർത്തിക്കുന്നത് കണ്ടു. ഇത്തരം പരീക്ഷണ സമയങ്ങളിൽ തമിഴ്നാട് സർക്കാരിന്റെ മഹത്തായ പ്രവർത്തനം അഭിനന്ദനാർഹം. അക്ഷീണം പ്രവർത്തിക്കുന്ന എല്ലാ ഭരണാധികാരികൾക്കും നന്ദി. വിഷ്ണു വിശാൽ കുറിച്ചു.
വെള്ളം വീടിനുള്ളിലേക്ക് കയറിത്തുടങ്ങി. കരപ്പക്കത്ത് ജലനിരപ്പും ഉയരുന്നുണ്ട്. സഹായത്തിനായി ഞാൻ ആളുകളെ വിളിച്ചിട്ടുണ്ട്. വൈദ്യുതിയോ വൈഫൈയോ ഇല്ല, ഫോണിനു സിഗ്നലും ലഭിക്കുന്നില്ല. ശരിക്കും ഒന്നുമില്ലാത്ത അവസ്ഥ.
വീടിനു ടെറസിനു മുകളിൽ മാത്രമാണ് ഫോണിനു സിഗ്നൽ ലഭിക്കുന്നത്. ഞാനുൾപ്പടെയുള്ളവർക്ക് സഹായം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചെന്നൈയിലുള്ള ആളുകളുടെ അവസ്ഥ എന്താണെന്ന് ചിന്തിച്ചു പോകുകയാണ്. വിഷ്ണു വിശാല്‍ ചൊവ്വാഴ്ച എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
നടി കനിഹയും തന്റെ ഫ്ലാറ്റിൽ നിന്നുള്ള ദൃശ്യങ്ങൾ പങ്കുവച്ചിരുന്നു. പുറത്തിറങ്ങാൻ നിവൃത്തിയില്ലെന്നും ഇവിടെനിന്നു രക്ഷപ്പെടുത്തുക മാത്രമേ വഴിയുള്ളൂ എന്നും ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ നടി പറഞ്ഞിരുന്നു.
ചെന്നൈ പട്ടണത്തെയും പരിസരത്തെയും ഭീതിലാഴ്ത്തിയ മിഗ്ജൗമ് ചുഴലിക്കാറ്റിന്റെ ഭീകരത നടൻ റഹ്മാനും പങ്കുവച്ചിരുന്നു. ഒരു അപ്പാർട്മെന്റ്നു താഴെ പാർക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ വെള്ളത്തിന്റെ ശക്തമായ ഒഴുക്കിൽപെട്ടു നിരങ്ങി പോകുന്ന ദൃശ്യങ്ങളാണ് റഹ്മാൻ പങ്കുവച്ചത്.