മിഥുൻ മാനുവൽ - ജയറാം ചിത്രം ഓസ്ലർ തിയറ്ററുകളിലേക്ക്; മമ്മൂട്ടിയും ചിത്രത്തിൽ
Wednesday, December 6, 2023 9:00 AM IST
സംവിധായകന് മിഥുന് മാനുവല്‍ തോമസും ജയറാമും ആദ്യമായി ഒന്നിക്കുന്ന ഏബ്രഹാം ഓസ്ലർ ജനുവരി 11ന് തിയറ്ററുകളിലെത്തും. ‘അഞ്ചാം പാതിരാ’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം മിഥുന് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
മെഡിക്കൽ ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഏബ്രഹാം ഓസ്ലർ. ഇര്‍ഷാദ് എം. ഹസനൊപ്പം മിഥുന് മാനുവല്‍ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
മമ്മൂട്ടി അഭിനയിക്കുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. സിനിമയുടെ രണ്ടാം പകുതിയിൽ 30 മുതൽ 40 മിനിറ്റ് വരെ നീണ്ടു നിൽക്കുന്ന സ്ക്രീന്‍ ടൈം ഉള്ള കഥാപാത്രമാണ് മമ്മൂട്ടി ചെയ്യുന്നതെന്നാണ് റിപ്പോർട്ട്.
അര്ജുന് അശോകന്, സൈജു കുറുപ്പ്, അനശ്വര രാജന്, സെന്തില്‍ കൃഷ്ണ, ജഗദീഷ്, സായ് കുമാര്‍, ആര്യ സലിം എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഡോ. രണ്‍ധീര്‍ കൃഷ്ണന് ആണ് രചന നിർവഹിക്കുന്നത്. ഛായാഗ്രഹണം തേനി ഈശ്വര്‍, സംഗീതം മിഥുന് മുകുന്ദന്, എഡിറ്റിംഗ് സൈജു ശ്രീധരന്, കലാസംവിധാനം ഗോകുല്‍ ദാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജോണ്‍ മന്ത്രിക്കല്‍, ലൈന്‍ പ്രൊഡ്യൂസര്‍ സുനില്‍ സിംഗ്, ക്രിയേറ്റീവ് ഡയറക്ടര്‍ പ്രിന്‍സ് ജോയ്, പ്രൊഡക്ഷന്‍ കണ്ട്രോളര് പ്രശാന്ത് നാരായണന്, മേക്കപ്പ് റോണക്സ് സേവ്യര്‍, സ്റ്റില്‍സ് എസ്.ബി.കെ ഷുഹൈര്‍, ഡിസൈന്‍സ് യെല്ലോടൂത്ത്സ്.