മിഗ്ജൗമ് ചുഴലിക്കാറ്റിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പങ്കുവച്ച് റഹ്മാൻ; വീഡിയോ
Monday, December 4, 2023 1:37 PM IST
ചെന്നൈ നഗരത്തെ ഭീതിയിലാഴ്ത്തുന്ന മിഗ്ജൗമ് ചുഴലിക്കാറ്റിന്റെ ഭീകരത വർധിപ്പിക്കുന്ന ദൃശ്യങ്ങൾ പങ്കുവച്ച് നടൻ റഹ്മാൻ.
ഒരു അപ്പാർട്മെന്റ്നു താഴെ പാർക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ വെള്ളത്തിന്റെ ശക്തമായ ഒഴുക്കിൽപെട്ടു നിരങ്ങി പോകുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയാണ് റഹ്മാൻ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചത്.
അതേസമയം അതിശക്തമായ മഴയും കാറ്റും കാരണം നടൻ കാളിദാസ് ജയറാം കൊച്ചിയിലേക്കുള്ള യാത്ര മാറ്റിവച്ചു.
പുതിയ സിനിമയായ ‘രജനി’യുടെ പ്രമോഷനുമായി ബന്ധപ്പെട്ടു ഇന്ന് കേരളത്തിലെത്തേണ്ടതായിരുന്നു കാളിദാസ്. മാധ്യമങ്ങളുമായി കാളിദാസ് ജയറാമും അണിയറപ്രവർത്തകരും നടത്തേണ്ടിയിരുന്ന പരിപാടി താരത്തിന്റെ അഭാവം മൂലം മാറ്റിവച്ചു.
മിഗ്ജൗമ് ചുഴലിക്കാറ്റ് നിലവിൽ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തെക്കൻ ആന്ധ്രാപ്രദേശ്, വടക്കൻ തമിഴ്നാട് തീരത്തിനു സമീപം ചെന്നൈയിൽ നിന്ന് 110 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുകയാണ്.
ചെന്നൈയിൽ നിന്നുള്ള 20 വിമാനസർവീസുകളും റദ്ദാക്കി. എട്ടെണ്ണം ബംഗളൂരുവിലേക്ക് വഴി തിരിച്ചുവിട്ടു. വന്ദേഭാരത് അടക്കം ചെന്നൈയിലേക്കുള്ള ആറു ട്രെയിനുകള്‍ കൂടി റദ്ദാക്കിയിട്ടുണ്ട്.
തമിഴ്നാട്ടില്‍ മഴ ശക്തമായതോടെ ആന്ധപ്രദേശിലും ജാഗ്രതാനിര്‍ദേശം നൽകിയിട്ടുണ്ട്. വടക്കന്‍ തമിഴ്നാട്ടില്‍ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. ചെന്നൈ നഗരത്തില്‍ മിക്കയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്.