മണിരത്നം ചിത്രം ദിൽസേയിലെ വേഷം കജോളിന് നഷ്ടമായത് ആ ഒരു മറുപടി; കരൺ ജോഹർ പറയുന്നു
Saturday, December 2, 2023 11:21 AM IST
മണിരത്നം സംവിധാനം ചെയ്ത ദിൽസേ എന്ന ചിത്രത്തിലെ നായികവേഷം കജോളിന് ലഭിക്കാതെ പോയതിനെക്കുറിച്ചുള്ള അനുഭവം പറഞ്ഞ് സംവിധായകൻ കരൺ ജോഹർ.
കജോളിന്റെ ഒരു മറുപടി കൊണ്ടാണ് ആ ചിത്രത്തിൽ നിന്നും മണിരത്നം കജോളിനെ ഒഴിവാക്കി മനീഷ കൊയ്രാളയെ നായികയാക്കിയെതെന്നും കരൺ പറഞ്ഞു.
കരണ്‍ ജോഹര്‍ അവതാരകനായെത്തുന്ന 'കോഫി വിത്ത് കരണ്‍' സീസണ് 8 -ല്‍ പുതിയ എപ്പിസോഡില്‍ റാണി മുഖര്‍ജിയും കജോളുമായിരുന്നു അതിഥികൾ.
ഞാന്‍ ഷാരൂഖ് ഖാനോടും കാജോളിനോടും സിനിമയുടെ കഥ വിവരിക്കുകയാണ്. അമൃത് അപ്പാര്‍ട്ട്മെന്റിലെ ഷാരൂഖ് ഖാന്റെ പഴയ വീട്ടിലായിരുന്നു സംഭവം.
ടെറസിനോട് ചേര്‍ന്നുള്ള ഷാരൂഖിന്റെ മുറിയിലാണ് ഞങ്ങള്‍ മൂവരും ഇരുന്നത്. സിനിമയുടെ കഥ കേട്ടപ്പോള്‍ കജോള്‍ കരയുകയായിരുന്നു.
ഷാരൂഖ് ഖാന്, കാജോളിനെ നോക്കുന്നുണ്ടായിരുന്നു. കഥ പറയുമ്പോള്‍ ഞാനും കരയുകയായിരുന്നു. ഞങ്ങള്‍ രണ്ടുപേര്‍ക്കും ഭ്രാന്താണെന്ന് ഷാരൂഖ് വിചാരിച്ചിരുന്നിരിക്കാം.
ആ സമയത്താണ് കാജോളിന് ഒരു കോള്‍ വന്നത്. ആരാണെന്ന് കജോള്‍ ചോദിച്ചു. ഞാന്‍ മണിരത്നമാണ് സംസാരിക്കുന്നത് എന്നായിരുന്നു എതിര് ഭാഗത്ത് നിന്നും വന്ന മറുപടി.
എന്നാല്‍ കജോള്‍ അത് വിശ്വസിച്ചില്ല. 'ഞാന്‍ ടോം ക്രൂസ്' എന്ന് പറഞ്ഞ് കജോള്‍ ഫോണ്‍ വെച്ചു. ആരോ തന്നെ പറ്റിയ്ക്കാന്‍ വേണ്ടി ചെയ്തതാണെന്നാണ് കജോള്‍ കരുതിയത്. എന്നാല്‍ അത് യഥാര്‍ഥത്തില്‍ മണിരത്നം തന്നെയായിരുന്നു.
ദില്‍സേ എന്ന ചിത്രത്തിലേക്കാണ് മണിരത്നം കജോളിനെ വിളിച്ചത്. പക്ഷേ കജോളിന്റെ പ്രതികരണം കേട്ടപ്പോള്‍ മണിരത്നം പിന്നീട് വിളിച്ചില്ല. മനീഷ കൊയ്രാളയെ ചിത്രത്തില്‍ നായികയാക്കി. ഷാരൂഖ് ഖാന് ആയിരുന്നു നായകന്. കുഛ് കുഛ് ഹോതാ ഹേ റിലീസ് ചെയ്ത അതേ വര്‍ഷം തന്നെയാണ് ദില്‍സേയും പുറത്തിറങ്ങിയത്.