എന്തും ചെയ്തിട്ട് രക്ഷപ്പെടാം എന്നൊരു വിചാരമുണ്ട്, പക്ഷേ കേരളപോലീസ് ഓടിച്ചിട്ട് പിടിക്കും: കൃഷ്ണപ്രഭ
Saturday, December 2, 2023 10:29 AM IST
ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്നുപേരെ അറസ്റ്റ് ചെയ്ത കേരളപോലീസിനെ അഭിനന്ദിച്ച് നടി കൃഷ്ണപ്രഭ.
കാണാതായ കുട്ടിയെ കണ്ടുകിട്ടിയപ്പോൾ പോലീസിനെ അഭിനന്ദിച്ച് പോസ്റ്റിട്ട കൃഷ്ണ പ്രഭയ്ക്കു നേരെ നിരവധി വിമർശനങ്ങള്‍ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേരള പൊലീസിനെ പ്രശംസിച്ച് വീണ്ടും നടി രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസം ഓയൂരിൽ കാണാതായ പെൺകുട്ടിയെ കണ്ടുകിട്ടിയപ്പോൾ കേരള പോലീസിനെ അഭിനന്ദിച്ച് പോസ്റ്റ് ഇട്ടപ്പോൾ പലരും എതിർത്ത് മറുപടി ഇട്ടിരുന്നു. കേരള പോലീസ് പ്രതികളെ പിടിക്കുമെന്നും അന്ന് പറഞ്ഞിരുന്നു. പ്രതികളെ പിടിച്ചിട്ടുണ്ട്.. കണ്ണൂർ സ്ക്വാഡിന്റെ ക്ലൈമാക്സിൽ മമ്മൂക്ക പറഞ്ഞ ഡയലോഗ് ഒന്നൂടെ ഓർമ്മിപ്പിക്കുന്നു..
"നാട്ടിൽ എന്ത് പണിയും നടത്തിയിട്ട് രക്ഷപ്പെടാം എന്നൊരു വിചാരമുണ്ട്.. പുറകെ ഓടും സാറേ.. ഓടിച്ചിട്ട് പിടിക്കും കേരള പോലീസ്.ഓടിയ വഴിയിലൂടെ തിരിച്ചുകൊണ്ടുവരികയും ചെയ്യും. ഒരിക്കൽ കൂടി കേരള പോലീസിന് സല്യൂട്ട്. കൃഷ്ണ പ്രഭയുടെ വാക്കുകൾ.
തമിഴ്നാട്ടിലെ പുളിയറയിൽ വച്ചാണ് പോലീസ് പ്രതികളെ പിടികൂടിയത്. നവംബർ 27നു വൈകുന്നേരമാണ് ട്യൂഷന് പോയ കുട്ടിയെ വെള്ള കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. പിറ്റേന്ന് ഉച്ചയ്ക്ക് ഒന്നരയോടെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയും ചെയ്തിരുന്നു.