ലീല സിനിമയാക്കേണ്ടിയിരുന്നില്ല: ഉണ്ണി ആർ. പറയുന്നു
Saturday, December 2, 2023 9:48 AM IST
ലീല എന്ന കഥ സിനിമയാക്കേണ്ടിയിരുന്നില്ലെന്നും കഥയായി തന്നെയിരുന്നാൽ മതിയായിരുന്നുവെന്നും ഉണ്ണി ആർ. ലീല സിനിമയുടെ തിരക്കഥ താൻ എഴുതാൻ പാടില്ലായിരുന്നെന്നും കഥ സിനിമയാക്കിയതിൽ പാളിച്ചകൾ സംഭവിച്ചിട്ടുണ്ടെന്നും ഉണ്ണി പറഞ്ഞു.
മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവൽ രണ്ടാം ദിനത്തിൽ നടന്ന ‘കഥകൾകൊണ്ട് മാത്രം’ എന്ന സെഷനിലാണ് ഉണ്ണി ആർ തന്റെ തിരക്കഥയിൽ പിറന്ന സ്വന്തം കഥ ലീലയെ കുറിച്ചു പറഞ്ഞത്.
ലീല കഥ തന്നെയായിരുന്നു നല്ലത്. പാളിപ്പോയതാണ്. അതു താൻ എഴുതാൻ പാടില്ലായിരുന്നു. ലീല സിനിമയെന്ന നിലയ്ക്ക് താൻ ഒട്ടും തൃപ്തനല്ല.ആ കഥ തൊടാതിരിക്കുന്നതായിരുന്നു നല്ലതെന്ന് പിന്നീട് തോന്നിയിട്ടുണ്ട്.
തന്റെ കഥകളിൽ സിനിമയായി വന്നത് പ്രതി പൂവൻ കോഴി, ഒഴിവുദിവസത്തെ കളി, ലീല തുടങ്ങിയവയാണ്. ബിഗ്ബിയും ചാർളിയുമെല്ലാം സിനിമകളായി എഴുതിയതാണെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം കഥകൾ സിനിമയാക്കാതിരിക്കുന്നതാണു നല്ലതെന്ന് പിന്നീട് തിരിച്ചറിവുണ്ടായിട്ടുണ്ട്. കഥകൾ സിനിമയാക്കുമ്പോൾ ആത്മാവ് ചോർന്നുപോകുമെന്നും തോന്നിയിട്ടുണ്ട്.
ബിജു മേനോനെ പ്രധാനകഥാപാത്രമാക്കി രഞ്ജിത്ത് നിർമിച്ചു സംവിധാനം ചെയ്ത ചിത്രമാണ് ലീല. 2016ല്‍ റിലീസ് ചെയ്ത ചിത്രത്തിന് സാന്പത്തികവിജയം നേടാൻ സാധിച്ചിരുന്നില്ല.
പാര്‍വതി നമ്പ്യാര്‍, വിജയരാഘവന്, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, കരമന സുധീര്‍, ജഗദീഷ്, പ്രിയങ്ക എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെയും അവതരിപ്പിച്ചു.