ഞാനും ഇന്നസെന്റ് ചേട്ടനും; സൗഹൃദത്തിന്റെ കഥ കത്തിലൂടെ പറഞ്ഞ് മുകേഷ്
Thursday, November 30, 2023 3:47 PM IST
മുകേഷ് നായകനായെത്തുന്ന ഫിലിപ്സ് എന്ന ചിത്രം വെള്ളിയാഴ്ച തിയറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് മുകേഷ് എഴുതിയ ഒരു കത്താണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
ചിത്രം കാണാൻ എല്ലാവരും എത്തണമെന്ന് സൂചിപ്പിച്ചുള്ള കത്തിൽ പ്രധാനമായും ഇന്നസെന്റിനെ കുറിച്ചാണ് മുകേഷ് പറയുന്നത്.
ഇന്നസെന്റ് അവസാനമായി അഭിനയിച്ച ചിത്രമാണ് ഫിലിപ്സ്. അഭിനയയാത്രയിൽ ഏറ്റവും വിലമതിക്കുന്നത് സൗഹൃദങ്ങളാണെന്നും അതിൽ ഏറ്റവും കൂടുതൽ സ്നേഹവും അടുപ്പവുമുള്ള ഇന്നെസന്റിനോടൊപ്പമുള്ള അവസാന സിനിമയാണ് ഫിലിപ്സ് എന്നും മുകേഷ് കത്തിൽ പറയുന്നു.
പോസ്റ്റ് കാർഡിൽ മുകേഷിന്റെ കൈപ്പടയിൽ എഴുതിയ കത്ത് തപാൽ വഴി വിവിധ രാജ്യങ്ങളിലെ ആരാധകർക്ക് എത്തുന്ന തരത്തിലുള്ള വീഡിയോയാണ് അണിയറപ്രവർത്തകർ പങ്കുവച്ചിരിക്കുന്നത്.
നമസ്കാരം, ഞാൻ നിങ്ങളുടെ സ്വന്തം മുകേഷ്. നാൽപത്തൊന്ന് വർഷം നീണ്ട സിനിമാ ജീവിതത്തിൽ ഗോപാലകൃഷ്ണനും മഹാദേവനും മാട്ടുപ്പെട്ടി മച്ചാനും ഒക്കെയായി മുന്നൂറ് വേഷങ്ങൾ ഞാൻ ഫിലിപ്സിലൂടെ പൂർത്തിയാക്കുകയാണ്.
എന്റെ ഈ അഭിനയ യാത്രയിൽ എന്റെ ഏറ്റവും വലിയ നേട്ടം എന്നും നല്ല സൗഹൃദങ്ങളും മധുരിക്കുന്ന ഓർമകളുമാണ്. എല്ലാവരും പ്രിയപ്പെട്ടവരായിരുന്നെങ്കിലും എന്റെ ചിന്തകൾക്കും അഭിരുചികൾക്കും എന്നും സമാനമായ ഒരാളായിരുന്നു ഇന്നെസന്റ് ചേട്ടൻ.
അക്കരെനിന്നൊരു മാരനിൽ തുടങ്ങിയ സ്നേഹവും അടുപ്പവും കളിതമാശകളുമൊക്കെ ഫിലിപ്സ് വരെ എന്നും എന്റെ ഓർമയിൽ തിളങ്ങി നിൽക്കുന്നതാണ്. ഒരിക്കൽ കൂടി ഞങ്ങളെ ഒരുമിച്ച് സ്ക്രീനിൽ കാണാൻ 2023 ഡിസംബർ ഒന്നിന് എല്ലാവരും തിയറ്ററിൽ വരണം. മുകേഷ് കത്തിൽ പറയുന്നു.
ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ ആൽഫ്രഡ് കുര്യൻ ജോസഫ് സംവിധാനം ചെയുന്ന സിനിമയാണ് ഫിലിപ്സ്. ‘ഹെലൻ’ സിനിമയുടെ സംവിധായകൻ മാത്തുക്കുട്ടി സേവ്യറും, ആൽഫ്രഡും ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.
ഛായാഗ്രഹണം ജെയ്സൺ ജേക്കബ്, സംഗീതം ഹിഷാം അബ്ദുൾ വഹാബ്. മുകേഷ്, ഇന്നസെന്റ്, നോബിൾ ബാബു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഡിസംബർ ഒന്നിന് തിയറ്ററുകളിലെത്തും.