ചിത്രീകരണത്തിനിടെ വീൽചെയറിൽ നിന്നും വീണ് ഉണ്ണി മുകുന്ദൻ; വീഡിയോ
Thursday, November 30, 2023 10:55 AM IST
സിനിമ ചിത്രീകരണത്തിനിടെ വീൽ ചെയറിൽ നിന്നും വീണ് നടൻ ഉണ്ണി മുകുന്ദൻ. ജയ് ഗണേഷ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലാണ് വലിയ അപകടത്തിൽ നിന്നും താരം രക്ഷപ്പെട്ടത്. ഉണ്ണി തന്നെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
വീൽചെയറിലിരുന്ന് വാതിൽ തുറന്ന് മുറിയിലേക്ക് പ്രവേശിക്കുന്ന സീനാണ് ചിത്രീകരിച്ചുകൊണ്ടിരുന്നത്. ഇതിനിടയിൽ വീൽചെയർ മുറിയിലേക്ക് കയറ്റാൻ ശ്രമിച്ചപ്പോൾ വീൽചെയർ മറിഞ്ഞ് തലകുത്തനേ വീഴുകയായിരുന്നു.
വീൽ ചെയറിന്റെ ഡിസൈൻ കാരണമാണ് പരുക്കുകളൊന്നും സംഭവിക്കാത്തതെന്നും അല്ലെങ്കിൽ വലിയൊരു അപകടമായി ഇത് മാറുമായിരുന്നുവെന്നും ഉണ്ണി മുകുന്ദൻ പിന്നീട് പറഞ്ഞു.
ജയ് ഗണേഷ് നന്നായി തന്നെ മുന്നോട്ടുപോകുന്നു. ഇന്നലെ ചെറിയൊരു അപകടം സെറ്റിൽ സംഭവിച്ചു. ഭാഗ്യത്തിന് എനിക്കൊന്നും പറ്റിയില്ല. തലയ്ക്ക് പരുക്ക് സംഭവിച്ചോ എന്ന് ഒരുപാട് പേർ മേസേജ് അയച്ചു.
ഒരു കുഴപ്പവുമില്ല. വലിയൊരു അപകടമാകുമായിരുന്നു. ആ വീൽ ചെയറിന്റെ ഡിസൈന് കൊണ്ടാണ് എനിക്കൊന്നും സംഭവിക്കാതിരുന്നത്. ഈ വീൽ ചെയറിന്റെ ഡിസൈനെക്കുറിച്ച് തീർച്ചയായും ഞാൻ സംസാരിക്കും. ഇതുപോലെ ബുദ്ധിമുട്ട് അനുഭവിച്ചുകൊണ്ടിരിക്കുന്ന ആളുകൾക്ക് ഇതൊരു സഹായമാകുമെന്ന് ഞാൻ വിശ്വസിക്കുന്നു.
ഒരു സീനിന്റെ ഭാഗമായി ചെയ്യുമ്പോൾ തന്നെ എത്രത്തോളം ബുദ്ധിമുട്ടാണ് യഥാർഥത്തിൽ ഒരാൾ അനുഭവിക്കുന്നതെന്ന് ഇന്നലെ ഞാൻ തിരിച്ചറിഞ്ഞു. ചിത്രീകരണം നന്നായി പോകുന്നു. റയാന്റെ ഷെഡ്യൂൾ പൂർത്തിയായി. മഹിമ ഇന്ന് ജോയിൻ ചെയ്യും. ഉണ്ണി മുകുന്ദൻ പറഞ്ഞു.
രഞ്ജിത്ത് ശങ്കർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ജയ് ഗണേഷ്. മഹിമ നമ്പ്യാരാണ് നായിക. നടി ജോമോൾ, ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.