ലോകത്ത് ഒരുപാട് മാറ്റങ്ങൾ വന്നു, പിന്നെ എന്തുകൊണ്ടെനിക്ക് പറ്റില്ല? പ്രയാഗ ചോദിക്കുന്നു
Wednesday, November 29, 2023 3:57 PM IST
കീറിയ പാന്റിടുന്നതും ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതുമൊക്കെ തന്റെ ഇഷ്ടങ്ങളാണെന്ന് നടി പ്രയാഗ മാർട്ടിൻ. ലോകം മാറുന്പോൾ താനും മാറുമെന്നും തനിക്ക് മാറാൻ പാടില്ലേയെന്നും പ്രയാഗ ചോദിക്കുന്നു.
വേഷവിധാനം കൊണ്ടും ഹെയർസ്റ്റൈലുകൾ കൊണ്ടും വ്യത്യസ്ത സ്റ്റൈൽ പരീക്ഷിക്കുന്ന താരമാണ് പ്രയാഗ. എന്നാൽ പലപ്പോഴും താരത്തിന്റെ സ്റ്റൈലുകൾ സമൂഹമാധ്യമങ്ങളിൽ ട്രോളുകളയും വിമർശനങ്ങളായി മാറുകയും ചെയ്യാറുണ്ട്. ഇതിനെല്ലാം മറുപടിയുമായാണ് പ്രയാഗ എത്തിയത്.
പലരും പറയാറുണ്ട്, പണ്ട് എന്നെ സിനിമയിൽ കണ്ടത് ഒരു നാടൻ പെൺകുട്ടിയായിട്ടായിരുന്നു, പിന്നെ പെട്ടെന്ന് പ്രയാഗ മാറി എന്നൊക്കെ. ഒരിക്കലും വേണം എന്നു വച്ചു വന്ന മാറ്റമല്ല എന്റേത്. സിനിമയിലെ കഥാപാത്രങ്ങൾ നമ്മളെ ഇൻഫ്ളുവൻസ് ചെയ്യാറുണ്ട്.
ഞാൻ സിനിമയിൽ ചെയ്ത കഥാപാത്രങ്ങളെല്ലാം നാടൻ ടൈപ്പ് വേഷങ്ങളായിരുന്നു. പക്ഷേ അത് സിനിമയാണ്, എന്റെ യഥാർഥ ജീവിതം അങ്ങനെയല്ല. സിനിമയിലെ ഞാനും യഥാർഥ ഞാനും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്.
രണ്ടു വർഷത്തോളമായി ഞാൻ സിനിമയിൽനിന്ന് ഗ്യാപ്പ് എടുത്തിരുന്നു. അപ്പോഴാണ് ജീവിതത്തിലും ചില മാറ്റങ്ങൾ കൊണ്ടുവന്നത്. ലോകത്തുതന്നെ ഒരുപാട് കാര്യങ്ങൾ മാറി. പിന്നെ എന്തുകൊണ്ട് എനിക്കും മാറ്റങ്ങൾ വരാൻ പാടില്ല.
എന്റെ ഫാഷൻ സെൻസും ഒരുപാട് മാറി. അതെല്ലാം സ്വാഭാവികമായ കാര്യങ്ങളാണല്ലോ. ഞാൻ കീറിയ പാന്റിടുന്നതും ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതുമെല്ലാം എന്റെ കാര്യമാണ്. ലോകം മാറുമ്പോൾ പ്രയാഗ മാർട്ടിനും മാറ്റം വരില്ലേ.