നീയാണെൻ ആകാശം' വൈകാരിക നിമിഷങ്ങളുമായി മമ്മൂട്ടിയും ജ്യോതികയും; കാതൽ വീഡിയോ ഗാനം
Wednesday, November 29, 2023 9:21 AM IST
മമ്മൂട്ടിയുടെയും ജ്യോതികയുടെയും പ്രധാനവേഷത്തിലെത്തിയ കാതൽ ദ കോർ എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. നീയാണെൻ ആകാശം എന്നു തുടങ്ങുന്ന മനോഹരമായ ഒരു ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്.
മാനസികസംഘർഷങ്ങളിലൂടെ കടന്നുപോകുന്ന മാത്യു ദേവസിയെയും ഓമനെയയുമാണ് ഗാനരംഗത്തിൽ കാണാനാകുന്നത്. കുരിശുപള്ളി പെരുന്നാളിന്റെ പ്രദിക്ഷണമാണ് ഗാനത്തിന്റെ പശ്ചാത്തലം.
മാത്യൂസ് പുളിക്കനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ആൻ ആമിയാണ് മനോഹരഗാനം ആലപിച്ചിരിക്കുന്നത്. ജാക്വലിൻ മാത്യുവിന്റേതാണ് വരികൾ.
ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്. ജ്യോതിക ആദ്യമായി മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്.
നവംബര്‍ 23നാണ് ചിത്രം തിയറ്ററില്‍ എത്തിയത്. ചിത്രത്തിന് വളരെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തിൽ നിന്നു മാത്രമല്ല, ഇതരസംസ്ഥാനത്തു നിന്നുവരെ കാതലിന് മികച്ച അഭിപ്രായങ്ങളാണ് എത്തുന്നത്.
ജ്യോതിക, മമ്മൂട്ടി എന്നിവര്‍ക്കൊപ്പം ആര്.എസ്. പണിക്കര്‍, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, മുത്തുമണി തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സക്കറിയയും ചേര്‍ന്നാണ് 'കാതല്‍ ദി കോര്‍'ന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
സാലു കെ. തോമസാണ് ഛായാഗ്രാഹണം നിർവഹിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എസ്. ജോര്‍ജ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറെര്‍ ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.