ചിരിപ്പിക്കാൻ അമർ അക്ബർ അന്തോണി വീണ്ടും വരുന്നു; പ്രഖ്യാപിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ
Monday, November 27, 2023 4:08 PM IST
നാദിർഷ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് അമർ അക്ബർ അന്തോണി. 2015ൽ പുറത്തിറങ്ങിയ ചിത്രം ഏറെ പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു. ഇന്ദ്രജിത്ത്, പൃഥ്വിരാജ്, ജയസൂര്യ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ നമിത പ്രമോദ് ആയിരുന്നു നായിക.
ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങി ഏഴ് വർഷങ്ങൾ പിന്നിടുമ്പോൾ രണ്ടാം ഭാഗം വരുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ചേർന്നായിരുന്നു അമർ അക്ബർ അന്തോണിയുടെ തിരക്കഥ ഒരുക്കിയത്.
വിഷ്ണുവാണ് രണ്ടാം ഭാഗം വരുന്നുവെന്ന് പ്രഖ്യാപിച്ചിരിക്കുന്നതും. ഡാൻസ് പാർട്ടി എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻ വേദിയിൽ ആയിരുന്നു പ്രഖ്യാപനം. അമർ അക്ബർ അന്തോണിയുടെ ഒരു സീക്വൽ നമ്മൾ പ്ലാൻ ചെയ്യുന്നുണ്ട്.
കാര്യങ്ങൾ എല്ലാം ശരിയായി കഴിയുമ്പോൾ വഴിയെ അറിയിക്കാം. ഷാഫി സാറിന് വേണ്ടി ഒരു തിരക്കഥ എഴുതിക്കൊണ്ടിരിക്കയാണ് എന്നാണ് വിഷ്ണു പറഞ്ഞത്.
സിനിമ റിലീസ് ചെയ്ത് ഏഴ് വർഷങ്ങൾക്കിപ്പുറവും അമർ അക്ബർ അന്തോണിക്ക് പ്രേക്ഷകർ ഏറെയാണ്. ഒരേ കോളനിയിൽ താമസിക്കുന്ന മൂന്ന് അവിവാഹിതരായ സുഹൃത്തുക്കളായാണ് ഇന്ദ്രജിത്ത്, പൃഥ്വിരാജ്, ജയസൂര്യ എന്നിവർ എത്തിയത്.
ആഡംബര ജീവിതം നയിക്കുക, പട്ടായ സന്ദർശിക്കുക എന്നിവയാണ് അവരുടെ ലക്ഷ്യം. ഇവരെ ചുറ്റിപ്പറ്റിയും അവർക്ക് ചുറ്റുമുള്ള മനുഷ്യരുടെ ജീവിതവുമാണ് ചിത്രം പറഞ്ഞത്.
ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം അൻപത് കോടി ക്ലബ്ബിൽ ഇടംപിടിച്ചു എന്നാണ് പറയപ്പെടുന്നത്. ആസിഫ് അലി, ബിന്ദു പണിക്കര്‍, മീനാക്ഷി, കലാഭവന്‍ ഷാജോണ്‍, കെപിഎസ്സി ലളിത തുടങ്ങി ഒട്ടനവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരന്നിരുന്നു.