ഏക്ത കപൂറും വീര്‍ദാസും തിളങ്ങിയ എമ്മി അവാര്‍ഡ്; അന്തിമ ജൂറിയിൽ അഭിമാനമായി മലയാളി പ്രഭാകർ ജയകുമാറും
Saturday, November 25, 2023 3:13 PM IST
ടെലിവിഷന്‍ പോഗ്രാമുകളുടെ ഓസ്കര് എന്ന് അറിയപ്പെടുന്ന എമ്മി അവാര്‍ഡില്‍ കോമഡിയന് വീര്‍ദാസും ഡയറക്ടറേറ്റ് അവാര്‍ഡ് നേടി ഇന്ത്യന്‍ സംവിധായിക ഏക്ത കപൂറും തിളങ്ങിയപ്പോള്‍ അവാര്‍ഡ് ജൂറിയിലെ സാന്നിധ്യമായി ഒരു മലയാളിയും.
ടൂണ്‍സ് ഗ്രൂപ്പ് സിഇഒ പ്രഭാകര്‍ ജയകുമാറായിരുന്നു അന്തിമഘട്ട ജൂറിയിലുണ്ടായിരുന്ന മലയാളി സാന്നിധ്യം. ഇത് ആദ്യമായിട്ടാണ് എമ്മി അവാര്‍ഡ് ജൂറിയിലേക്ക് ഒരു മലയാളി എത്തുന്നത്.
വാള്‍ട്ട് ഡിസ്നി മാര്‍വല്‍ സ്റ്റുഡിയോസ്, പാരമൗണ്ട് പിക്ചേഴ്സ് യൂണിവേഴ്സല്‍ സ്റ്റുഡിയോ തുടങ്ങിയ അന്താരാഷ്ട നിർമാണ കമ്പിനികള്ക്കൊപ്പം കോ. എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ എന്ന നിലയിലുള്ള മികച്ച പ്രവര്‍ത്തനങ്ങളാണ് പ്രഭാകര്‍ ജയകുമാറിന് എമ്മി പുരസ്കാര നിര്‍ണയ ജൂറിയിലേക്കുള്ള വഴി തുറന്നത്.
20 രാജ്യങ്ങളില്‍ നിന്നുള്ള ടെലിവിഷന്‍ പോഗ്രാമുകളാണ് വിവിധ വിഭാഗങ്ങളില്‍ എമ്മി അവാര്‍ഡിനായി മത്സരിക്കുന്നത്.
ഇന്ത്യയില്‍ നിന്ന് മികച്ച നടന് എന്ന വിഭാഗത്തില്‍ ജിം സര്‍ഭ് (റോക്കറ്റ് ബോയ്സ്), കോമഡി വിഭാഗത്തില്‍ വീര്‍ ദാസ് (വീര്‍ ദാസ്. ലാന്‍ഡിംഗ്), മികച്ച നടിക്കായി ഷെഫാലി ഷാ (ഡല്‍ഹി ക്രൈം) എന്നിവരാണ് മത്സര രംഗത്തുണ്ടായിരുന്നത്.
ഇതില്‍ വിര്ദാസിന് പുരസ്കാരം ലഭിച്ചു. ഇന്ത്യന്‍ സംവിധായിക ഏക്ത കപൂറിനെ വിവിധ സംഭാവനകള്‍ പരിഗണിച്ച് ഡയറക്ടേറ്റ് അവാര്‍ഡ് നല്‍കുകയും ചെയ്തു.
ലോകപ്രശസ്തമായ എമ്മി അവാര്‍ഡ് വേദിയില്‍ ഈ വര്‍ഷം രണ്ട് പുരസ്കാരങ്ങള്‍ ഇന്ത്യക്കാര്‍ സ്വന്തമാക്കിയപ്പോള്‍ ജൂറിയിലെ മലയാളി സാന്നിധ്യമായി മാറി പ്രഭാകർ ജയകുമാർ മലയാളികൾക്ക് അഭിമാനമായി മാറി.