ഞങ്ങൾ ഒരുമിച്ചുള്ള വാട്സ്ആപ് ഗ്രൂപ്പിൽ നിന്നുമാണ് ആ കോമഡി തുടങ്ങുന്നത്; വേദനയോടെ സുരാജ്
Friday, November 10, 2023 9:35 AM IST
നടൻ കലാഭവൻ ഹനീഫയുടെ അപ്രതീക്ഷിതവിയോഗത്തിന്റെ വേദനയിലാണ് സുഹൃത്തുക്കളും സഹപ്രവർത്തകരുമടക്കമുള്ളവർ. നടൻ സുരാജ് വെഞ്ഞാറമൂട് ഹനീഫയെ കുറിച്ച് എഴുതിയ കുറിപ്പാണ് ഇതിൽ ഏവരെയും കണ്ണ് നിറയ്ക്കുന്നത്.
തന്റെ കലാജീവിതത്തിൽ എന്നും പ്രചോദനമായിരുന്ന ആളായിരുന്നു ഹനീഫയെന്നും തങ്ങളെല്ലാവരും ഒന്നിച്ചുള്ള വാട്സ് ആപ് ഗ്രൂപ്പിലെ അദ്ദേഹത്തിന്റെ കോമഡികൾ കേട്ടാണ് ഒരു ദിവസം തുടങ്ങുന്നതെന്നും സുരജ് ഫേസ്ബുക്കിൽ കുറിച്ചു.
പ്രിയപെട്ടവരിൽ പ്രിയപ്പെട്ടയാൾ വിട വാങ്ങിയിരിക്കുന്നു...എന്റെ കലാ ജീവിതത്തിൽ എന്നും പ്രചോദനമായിരുന്ന ഒരാൾ...അസാമാന്യ ഹ്യൂമർ സെൻസുള്ള അദ്ദേഹത്തിന്റെ കോമഡി പ്രോഗ്രാമുകൾ ഒക്കെയും ഒരു കാലത്തു മനപാഠമായിരുന്നു...
ജീവിതയാത്രയിൽ അദ്ദേഹം കണ്ടതും കേട്ടതും അനുഭവിച്ചതുമായ ഓരോ നിമിഷങ്ങളെ കുറിച്ചു ഒരു കഥ പോലെ പറഞ്ഞു നമ്മളെ ചിരിപ്പിച്ചു ചിരിപ്പിച്ചാണ് ഓരോ മനുഷ്യരുടെയും ഹൃദയത്തിലേക്ക് അദ്ദേഹം കയറികൂടിയത്...
തികച്ചും വ്യക്തിപരമായ നഷ്ടമാണ് എനിക്ക് ഇക്കയുടെ അപ്രതീക്ഷിതമായ വിട വാങ്ങൽ...ഞങ്ങൾ ഒരുമിച്ചുള്ള വാട്സ്ആപ് ഗ്രൂപ്പിലെ അദേഹത്തിന്റെ ഓരോ കോമഡിയും കേട്ടാണ് ഓരോ ദിവസവും തുടങ്ങുന്നത് തന്നെ....
കാണുന്ന നിമിഷം ഒരുപാട് സ്നേഹവും സന്തോഷവും കൊണ്ട് മനസ്സ് നിറച്ചിരുന്ന ആ ഒരാൾ ഈ ലോകത്ത് നിന്നും പോയിരിക്കുന്നു എന്ന സത്യം ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല....ഒരുപാട് പൊട്ടിച്ചിരികൾ സമ്മാനിച്ച പ്രിയപ്പെട്ട ചങ്ങാതിക്ക്.. ഹനീഫയ്ക്കയ്ക്ക്... ആദരാഞ്ജലികൾ. സുരാജ് വെഞ്ഞാറമൂട് കുറിച്ചു.