അടുത്തകാലത്ത് ജനിച്ച മകൾ എന്നൊരു തോന്നലാണ്, 18 വയസായി അവൾക്ക്; എനിക്ക് 55 വയസും
Sunday, October 1, 2023 11:07 AM IST
മകൾ ഹൻസികയ്ക്ക് 18 വയസായെന്നും അടുത്ത കാലത്ത് ജനിച്ചൊരു മകൾ എന്ന തോന്നലായിരുന്നു മനസ് നിറയെ എന്നും ഇപ്പോൾ സമയം റോക്കറ്റ് സ്പീഡിലാണ് പോകുന്നതെന്നും കുറിച്ച് നടൻ കൃഷ്ണകുമാർ. ഇളയമകൾ ഹൻസികയുടെ ജൻമദിനത്തോടനുബന്ധിച്ചാണ് താരം കുറിപ്പ് പങ്കുവച്ചത്.
ഹൻസിക അറ്റ് 18... എനിക്ക് എന്റെ 18 വയസു പ്രായത്തിലെ കാര്യങ്ങൾ വലുതായൊന്നും ഓർക്കാനില്ല.. അന്നൊക്കെ വർഷങ്ങൾ നീങ്ങുന്നില്ല എന്നു തോന്നിയ കാലം ഉണ്ടായിരുന്നു..
അന്ന് നമുക്ക് വലുതാവണം, ജോലിയിൽ കേറണം, പണമുണ്ടാക്കണം വാഹനം വാങ്ങണം, വിദേശരാജ്യങ്ങളിൽ പോകണം.... ഇങ്ങനെ കുറേ കാര്യങ്ങൾ ആയിരുന്നു ജീവിതത്തിൽചിന്തിച്ചു കൂട്ടിയിരുന്നത്..
20 കളും മുപ്പതുകളും ഇഴഞ്ഞാണ് നീങ്ങിയത്.. ഇന്നു 55 വയസ്സായപ്പോൾ എല്ലാം റോക്കറ്റ് സ്പീഡ് പോലെ തോന്നുന്നു..ഓരോ വർഷവും പതുക്കെ പോയാൽ മതിയെന്ന് തോന്നും, പക്ഷേ പോകുന്ന സ്പീഡ് താങ്ങാനാവുന്നില്ല.. കാരണമെന്തെന്നു 50 കഴിഞ്ഞവർക്ക് മനസ്സിലാവും.
ഹൻസികയ്ക്കു ഇന്നു 18വയസ്സായി..എപ്പോഴാണ് ഈ 18 വർഷം കടന്നു പോയതെന്ന് ഞാൻ അറിഞ്ഞില്ല.. വളരെ അടുത്തകാലത്തു ജനിച്ച ഒരു മകൾ എന്ന തോന്നലാണ് മനസിൽ...
സ്കൂളിൽ ചേർക്കാൻ കൊണ്ടുപോയതൊക്കെ ഇന്നലെ നടന്ന ഒരു സംഭവമായി തോന്നുന്നു. എല്ലാ മാതാപിതാക്കൾക്കും ഇതുപോലുള്ള ചിന്തകൾ കാണുമായിരിക്കാം..അല്ലേ.. ഹൻസുവിനും, ഇന്നു ലോകത്തു 18ാം പിറന്നാൾ ആഘോഷിക്കുന്ന എല്ലാവർക്കും ആശംസകൾ നേരുന്നു.കൃഷ്ണകുമാര് പറയുന്നു.
കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും ഇളയമകളാണ് ഹൻസിക. അഹാന, ദിയ, ഇഷാനി എന്നിവരാണ് മറ്റ് മക്കൾ.