കാരവാനിൽ പോയി വിശ്രമിക്കാൻ പറഞ്ഞു, നയൻതാര നൽകിയ പരിചരണത്തെക്കുറിച്ച് ശരണ്യ മോഹൻ
Friday, September 29, 2023 12:36 PM IST
യാരഡി നീ മോഹിനി എന്ന സിനിമയുടെ സെറ്റിൽ വച്ച് നയൻതാര നൽകിയ പരിചരണത്തെക്കുറിച്ച് ഓർത്തെടുത്ത് നടി ശരണ്യ മോഹൻ.
തനിക്ക് പനിയായിരുന്നുവെന്നും മരുന്ന് കഴിച്ച് സെറ്റിന്റെ ഒരു ഭാഗത്ത് വിശ്രമിച്ചുകൊണ്ടിരുന്ന തന്നോട് നയൻതാരയുടെ കാരവാനിൽ പോയി വിശ്രമിക്കുവാൻ പറഞ്ഞതുമാണ് ശരണ്യ ഓർത്തെടുക്കുന്നത്.
ചിത്രത്തിലെ വെൺമേഘം എന്ന് തുടങ്ങുന്ന പാട്ടിന്റ ഷൂട്ടിംഗ് നടക്കുമ്പോൾ എനിക്ക് പനിയായിരുന്നു. തമിഴ്നാട്ടിലെ ഒരു ഉൾഗ്രാമത്തിലായിരുന്നു ലൊക്കേഷൻ. ഷൂട്ട് നടക്കുന്നതിനാൽ പെട്ടെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോവുക എന്നത് അപ്പോൾ സാധ്യമായിരുന്നില്ല.
എനിക്കൊപ്പം ഷൂട്ടിന് വരുമ്പോൾ അച്ഛന്റെ കൈയിൽ മരുന്നുകൾ ഉണ്ടാകും. അതിൽനിന്ന് ഒരു മരുന്ന് കഴിച്ച് ഞാൻ സെറ്റിൽ ഒരു വശത്ത് വിശ്രമിക്കുകയായിരുന്നു.
അപ്പോഴാണ് നയൻതാര വന്ന് കാര്യം തിരക്കിയത്. ശേഷം അവരുടെ കാരവാനിൽ പോയി വിശ്രമിക്കാനുള്ള സൗകര്യവും ചെയ്ത് തന്നു. വളരെ കുറച്ച് ദിവസത്തെ പരിചയം മാത്രമെ അവർക്ക് എന്നോടുള്ളു.
മാത്രമല്ല ഞാൻ ഒരു ന്യൂകമറാണ്. പക്ഷെ നയൻതാര എന്നെ നന്നായി കെയർ ചെയ്തു. സിനിമാ ബാക്ക്ഗ്രൗണ്ടില്ലാത്ത കുടുംബത്തിൽനിന്നു വന്ന് നയൻതാര ഫൈറ്റ് ചെയ്താണല്ലോ ഇന്ന് ഈ നിലയിൽ എത്തി നിൽക്കുന്നത്. അത് കാണുമ്പോൾ സന്തോഷം തോന്നാറുണ്ട്. ശരണ്യ മോഹൻ പറയുന്നു.
ധനുഷും നയൻതാരയും പ്രധാനവേഷത്തിലെത്തി 2008ൽ റിലീസ് ചെയ്ത ചിത്രമാണ് യാരടി നീ മോഹിനി. ചിത്രത്തിൽ പൂജ എന്ന കഥാപാത്രത്തെയാണ് ശരണ്യ അവതരിപ്പിച്ചത്.