അറ്റ്ലിയുമായി നയൻതാര ഉടക്കിയെന്ന വാർത്തകൾ; മാനനഷ്ടക്കേസ് നൽകാനൊരുങ്ങി താരം?
Thursday, September 28, 2023 12:52 PM IST
തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ ബോളിവുഡിലെ തുടക്കം വന്പൻ ഹിറ്റായി മാറിയിരിക്കുന്നു. ഒരു ഷാരൂഖ് ഖാൻ ചിത്രത്തില്‍ ആദ്യമായി നായികയായപ്പോള്‍ വിസ്മയിപ്പിക്കുന്ന വിജയമാണ് നയൻതാരുടെ പേരിലായത്.
എന്നാല്‍ അതിനിടെ അറ്റ്ലിയുമായി നയൻതാര തര്‍ക്കത്തിലാണെന്ന വാര്‍ത്തയും പ്രചരിച്ചിരുന്നു. ഇതില്‍ നടി നയൻതാര മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാൻ ഒരുങ്ങുകയാണെന്ന് ഒരു തമിഴ് ഓൺലൈൻ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
‘ജവാനി’ല്‍ നായികയായ നയൻതാരയുടെ കഥാപാത്രത്തിന്റെ രംഗങ്ങള്‍ കുറവാണെന്ന് പരാതി ഉയരുകയും നടി അതില്‍ പരിഭവിച്ചിരിക്കുകയാണെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.
അതിഥി വേഷത്തിലെത്തിയ ദീപിക പദുക്കോണിന്റെ കഥാപാത്രത്തിന് പ്രധാന്യം നല്‍കിയതാണ് നയൻതാരയെ ചൊടിപ്പിച്ചത് എന്ന തരത്തിലും വാര്‍ത്തകളുണ്ടായി.
ഇത്തരം റിപ്പോര്‍ട്ടുകള്‍ പ്രചരിപ്പിച്ച മാധ്യമങ്ങള്ക്കെതിരേ താരം നിയമ നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യത്തിൽ നയൻതാര ഔദ്യോഗികമായി നയൻതാര പ്രതികരിച്ചിട്ടില്ല.
ജവാനില്‍ നയൻതാര ചെയ്ത വേഷത്തെക്കുറിച്ച് ഷാരൂഖ് ഖാൻ നേരത്തെ പ്രതികരിച്ചിരുന്നു. അമ്മയായ നര്‍മദ എന്ന നയൻതാരയുടെ കഥാപാത്രം മികച്ചതാണെന്നായിരുന്നു ഷാരൂഖിന്റെ അഭിപ്രായം.
പക്ഷേ എല്ലാം പരിഗണിച്ചപ്പോള്‍ കഥാപാത്രത്തിന്റെ സ്ക്രീൻ ടൈം കുറവായി. എങ്കിലും പക്ഷേ മികച്ചതായിരുന്നു കഥാപാത്രമെന്നും ഷാരൂഖ് വ്യക്തമാക്കി.
ആക്ഷനിലടക്കം നയൻതാരയുടേത് മികച്ച പ്രകടനമായിരുന്നുവെന്നാണ് ചിത്രം കണ്ട പ്രേക്ഷകരും അഭിപ്രായപ്പെട്ടത്. ട്വിറ്ററില്‍ ആരാധകരോട് സംസാരിക്കവേയാണ് ഷാരൂഖ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ആറ്റ്ലി സംവിധാനം ചെയ്ത ഷാരൂഖ് ചിത്രം ജവാൻ ആഗോളതലത്തില്‍ 1,000 കോടി ക്ലബില്‍ എത്തിയിരിക്കുകയാണിപ്പോൾ.