അച്ഛന്റെ പേര് ദുൽഖറെന്നും അമ്മയുടെ പേര് മഞ്ജു വാര്യറെന്നും പറഞ്ഞവനാണ് എന്റെ മകൻ: നിഷാന്ത് സാഗർ
Friday, September 22, 2023 12:24 PM IST
താൻ സിനിമയിൽ അഭിനയിക്കുന്ന ആളാണെന്ന് പറയുന്പോൾ ചിലപ്പോൾ മക്കൾ സംശയത്തോടെ നോക്കുമെന്ന് നടൻ നിഷാന്ത് സാഗർ. വിജയിയെയും ദുൽഖറിനെയുമാണ് മക്കൾക്കിഷ്ടമെന്നും തന്റെ സിനിമകളെക്കുറിച്ചൊന്നും അവര്‍ സംസാരിക്കാറില്ലെന്നും അദ്ദേഹം പറയുന്നു.
ജോക്കർ ഇറങ്ങിയ സമയത്ത് മക്കൾ ഉണ്ടായിരുന്നവെങ്കിലെന്ന് താൻ ആശിച്ചുപോകുന്നുവെന്നും നിഷാന്ത് പറയുന്നു. ദുല്‍ഖറിനെക്കുറിച്ചും വിജയ്യെക്കുറിച്ചുമൊക്കെ മക്കള്‍ നിര്‍ത്താതെ സംസാരിക്കുമ്പോള്‍ ഭാര്യ തന്റെപഴയ സിനിമകളും, ഫോട്ടോകളുമൊക്കെ എടുത്ത് കാണിച്ചു കൊടുക്കുമെന്നും അപ്പോൾ അച്ഛൻ ഇങ്ങനെയായിരുന്നോ എന്ന് ചോദിക്കുമെന്നും അദ്ദേഹം പറയുന്നു
എന്റെ മകന് ഏറ്റവും ഇഷ്ടം നടൻ വിജയ്യാണ്, മകള്‍ക്ക് ദുല്‍ഖര്‍ സല്‍മാനെയും. എന്റെ സിനിമകളെക്കുറിച്ചൊന്നും അവര്‍ സംസാരിക്കാറേയില്ല.
അവർ കാണുന്ന അച്ഛന് സിനിമയൊന്നും ഇല്ലാതെ വീട്ടില്‍ ഇരിക്കുന്ന ആളാണ്. അപ്പോള്‍ ഞാന്‍ ഓര്‍ക്കും എന്റെ ജോക്കര്‍ എന്ന സിനിമ ഇറങ്ങിയ കാലത്ത് എന്നെ ചെറിയ രീതിയിലെങ്കിലും ആളുകള്‍ ആഘോഷിച്ചിരുന്ന കാലത്ത് മക്കള്‍ ഉണ്ടായിരുന്നുവെങ്കിൽ എന്ന്.
ദുല്‍ഖറിനെക്കുറിച്ചും, വിജയ്യെക്കുറിച്ചുമൊക്കെ മക്കള്‍ നിര്‍ത്താതെ സംസാരിക്കുമ്പോള്‍ ഭാര്യ എന്റെ പഴയ സിനിമകളും, ഫോട്ടോകളുമൊക്കെ എടുത്ത് കാണിച്ചു കൊടുക്കും.
ശരിക്കും നമ്മുടെ അച്ഛന് ഇങ്ങനെയായിരുന്നോ എന്നാണ് അപ്പോള്‍ അവര്‍ ചോദിച്ചത്. ഇപ്പോള്‍ മകന് ആറാം ക്ലാസിലാണ്.
അതിലും ചെറിയ ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛനാരാണെന്ന് ചോദിച്ചപ്പോള്‍ ദുല്‍ഖര്‍ സല്‍മാന്റെ പേരും അമ്മയാരാണെന്ന് ചോദിച്ചപ്പോള്‍ മഞ്ജു വാര്യരുടെ പേരും പറഞ്ഞവനാണ്. നിഷാന്ത് സാഗര്‍ പറയുന്നു.