മലയാളത്തിലെ നിർമാതാവുമായി വിവാഹം; പ്രതികരണവുമായി തൃഷ
Friday, September 22, 2023 9:30 AM IST
മലയാളത്തിലെ യുവനിർമാതാവുമായി തെന്നിന്ത്യൻ നായിക തൃഷയുടെ വിവാഹം ഉടൻ ഉണ്ടാകുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.
എന്നാൽ ഇപ്പോഴിതാ വാർത്തയിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് തൃഷ. പ്രചരിക്കുന്നത് വ്യാജവാർത്തകളാണെന്നും ദയവ് ചെയ്തു ഇത്തരം വാർത്തകൾ നിർത്തണമെന്നും അവർ പറഞ്ഞു.
‘‘ഡിയർ, നിങ്ങൾ ആരാണെന്നും നിങ്ങളുടെ ടീം ആരാണെന്നും നിങ്ങൾക്ക് അറിയാം. ദയവായി ശാന്തരായിരിക്കൂ. കിംവദന്തികൾ നിർത്തൂ. ചിയേഴ്സ്’’ , എന്നാണ് നടി എക്സ് പ്ലാറ്റ്ഫോമിലൂടെ പ്രതികരിച്ചത്.
ഇതിനു മുമ്പും തൃഷയുടെ വിവാഹനിശ്ചയവും മറ്റു നടന്മാരുമായുള്ള വ്യാജ വിവാഹ വാർത്തകളും മാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു.
2015ൽ വ്യവസായിയായ വരുൺ മണിയനുമായി വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. എന്നാൽ വിവാഹനിശ്ചയം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം ഇരുവരും വേർപിരിഞ്ഞു. വരുൺ നിർമിക്കുന്ന ഒരു സിനിമയിൽ നിന്നും തൃഷ പിൻവാങ്ങുകയും ചെയ്തിരുന്നു.
വിവാഹക്കാര്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് സമീപകാലത്ത് തൃഷ ഒരു അഭിമുഖത്തില്‍ പ്രതികരിച്ചിരുന്നു. എന്റെ ഗൗരവകരമായ ചിന്തയില്‍ ഉള്ള ഒന്നല്ല വിവാഹം. സമൂഹത്തിന്റെ സമ്മര്‍ദ്ദം കൊണ്ട് വിവാഹിതയിട്ട് പിന്നീട് അത് വിവാഹമോചനത്തിലേക്ക് എത്തിക്കാന്‍ എനിക്ക് വയ്യ.
അടുപ്പമുള്ള പലരുടെയും സാഹചര്യം എനിക്കറിയാം. പലരും വിവാഹിതരാകുന്ന സമയത്ത് അതേക്കുറിച്ച് വളരെ നല്ല അഭിപ്രായമാണ് പറഞ്ഞിട്ടുള്ളത്.
പക്ഷേ അവരില്‍ പലരും നിലവില്‍ ഡിവോഴ്സിനുള്ള ശ്രമങ്ങളിലാണ്. ജീവിതം പങ്കിടണമെന്ന് എനിക്ക് തോന്നലുളവാക്കുന്ന ഒരാളെ ഇനിയും ഞാന്‍ കണ്ടെത്തിയിട്ടില്ല, തൃഷയുടെ വാക്കുകള്‍ ഇങ്ങനെ.
ലോകേഷ് കനകരാജിന്റെ വിജയ് ചിത്രം ലിയോ ആണ് തൃഷയുടെ റിലീസിനൊരുങ്ങുന്ന ചിത്രം. മോഹന്‍ലാലിന്റെ ജീത്തു ജോസഫ് ചിത്രം റാം, ടൊവിനോ നായകനാവുന്ന ഐഡന്റിറ്റി എന്നിവയിലും തൃഷയുണ്ട്.