"അദ്ഭുതത്തോടെയായിരുന്നു ആ ലൊക്കേഷനിലേക്ക് പോയത്'
Sunday, September 26, 2021 3:12 PM IST
ചുരുങ്ങിയ കാലം കൊണ്ട് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ഗൗതമി നായർ. ദുൽഖർ സൽമാന്റെ അരങ്ങേറ്റ ചിത്രമായ സെക്കൻഡ് ഷോയിലൂടെയാണ് ഗൗതമിയും മലയാളസിനിമയിലെത്തിയത്. തുടർന്ന് ഡയമണ്ട് നെക്ലേസ് പോലെ ഒരുപിടി ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു.
പിന്നീട് അഭിനയരംഗത്തുനിന്ന് താത്കാലികമായി വിട്ടുനില്‍ക്കുകയായിരുന്ന താരം അഞ്ചുവർഷത്തിനിപ്പുറം ജയസൂര്യ- മഞ്ജുവാര്യർ ചിത്രമായ മേരി ആവാസ് സുനോയിലൂടെ തിരിച്ചുവരവ് നടത്തുകയാണ്.
ഇടവേളയ്ക്കു ശേഷം നല്ല അവസരങ്ങള്‍ വന്നാല്‍ സ്വീകരിക്കാനായിരുന്നു തീരുമാനിച്ചതെന്നും ഇടയ്ക്ക് ചില അവസരങ്ങള്‍ ലഭിച്ചെങ്കിലും അവസാനനിമിഷം മാറ്റുകയാ യിരുന്നുവെന്നും ഗൗതമി പറഞ്ഞു. അതിന് ശേഷമായാണ് മേരി ആവാസ് സുനോയിലേക്ക് വിളിച്ചത്. അദ്ഭുതത്തോടെയായിരുന്നു ആ ലൊക്കേഷനിലേക്ക് പോയതെന്നും അഞ്ച് വര്‍ഷത്തിന് ശേഷം വീണ്ടും കാമറയെ അഭിമുഖീകരിക്കുന്നതിന്റെ പരിഭ്രമമുണ്ടായിരുന്നുവെന്നും ഗൗതമി കൂട്ടിച്ചേർത്തു.
'മഞ്ജു ചേച്ചിക്കൊപ്പമായിരുന്നു ആദ്യ ഷോട്ട്. നല്ല ടെന്‍ഷനുണ്ടായിരുന്നു ആ സമയത്ത്. ചേച്ചി ആ ടെന്‍ഷനൊക്കെ മാറ്റിത്തന്ന് എന്നെ കൂളാക്കുകയായിരുന്നു. റേഡിയോ ജോക്കിയായാണ് ചിത്രത്തില്‍ വേഷമിട്ടത്. രണ്ടാംവരവിലെ ആദ്യ ചിത്രം മഞ്ജു വാര്യര്ക്കൊപ്പമാണെന്നുള്ളത് വലിയ സന്തോഷമാണ്.' - ഗൗതമി നായർ പറഞ്ഞു.