മാധവനും അനുഷ്ക ഷെട്ടിയുമൊന്നിക്കുന്ന "നിശബ്ദം'
Friday, November 8, 2019 10:23 AM IST
തെന്നിന്ത്യൻ താരസുന്ദരി അനുഷ്ക ഷെട്ടി നായികയാകുന്ന ഏറ്റവും പുതിയ ചിത്രമായ നിശബ്ദത്തിനായി ആരാധകർ കാത്തിരിക്കുന്നു. അനുഷ്കയുടെ പിറന്നാൾ ദിനത്തിൽ ചിത്രത്തിന്റെ കിടിലൻ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. അനുഷ്ക ഷെട്ടിക്ക് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ടായിരുന്നു അണിയറ പ്രവർത്തകർ നിശബ്ദത്തിന്റെ ടീസർ പുറത്തുവിട്ടിരുന്നത്.
മാധവനാണ് ചിത്രത്തിൽ അനുഷ്കയുടെ നായകൻ. മൂകയായ ആർട്ടിസ്റ്റായിട്ടാണ് അനുഷ്ക ഷെട്ടി ചിത്രത്തിൽ അഭിനയിക്കുന്നത്. സസ്പെൻസ് ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം ഹേമന്ദ് മധുക്കർ ആണ് സംവിധാനം ചെയ്യുന്നത്. ശാലിനി പാണ്ഡെ, അഞ്ജലി, കിൽബിൽ ഫെയിം മൈക്കൽ മാഡ്സെൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
തെലുങ്ക് പതിപ്പിനൊപ്പം തന്നെ സിനിമ തമിഴ്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും പുറത്തിറങ്ങുന്നുണ്ട്. കേരളത്തിലും നിരവധി ആരാധകരുളള താരമാണ് അനുഷ്ക ഷെട്ടി. നടിയുടേതായി പുറത്തിറങ്ങിയ മിക്ക ചിത്രങ്ങൾക്കും കേരളത്തിലും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. അനുഷ്ക ഷെട്ടിയുടെ ബാഹുബലി സീരിസ് കേരളത്തിൽ നിന്നും വലിയ വിജയമാണ് നേടിയത്. ബ്രഹ്മാണ്ഡ ചിത്രത്തിലെ ദേവസേന എന്ന കഥാപാത്രം നടിയുടെ കരിയറിൽ വലിയ വഴിത്തിരിവാണ് ഉണ്ടാക്കിയത്.
നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ തെന്നിന്ത്യയിലെ മുൻനിര നായികയായി ഉയർന്ന താരമാണ് അനുഷ്ക ഷെട്ടി. ബാഹുബലി സീരിസിന് പിന്നാലെ ബാഗ്മതി എന്ന ചിത്രവും നടിയുടേതായി തിയറ്ററുകളിൽ വലിയ വിജയം നേടിയിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ചിരഞ്ജീവിയുടെ ബ്രഹ്മാണ്ഡ ചിത്രം സൈര നരസിംഹ റെഡ്ഡിയിലും ചെറിയ റോളിൽ അനുഷ്ക ഷെട്ടി അഭിനയിച്ചു.